മൈസൂരുവിൽ പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു; കാരണം പ്രണയം

മൈസൂരില്‍ പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു. 22 വയസുള്ള സുഷമയാണ് കൊല്ലപ്പെട്ടത്.മൈസൂരുവിലെ എച്ച്.ഡി കോട്ടെ താലൂക്കിലാണ് സംഭവം. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദളിത് യുവാവിനെ പ്രണയിച്ചതിനാണ് ഇയാൾ മകളെ കൊലപ്പെടുത്തിയത്.

വൊക്കലിഗ സമുദായത്തില്‍പ്പെട്ട സുഷമ അലഹനളി സ്വദേശിയായ ഉമേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇരുവരും ഒളിച്ചോടിയിരുന്നെങ്കിലും സുഷമയെ വീട്ടുകാര്‍ ചേര്‍ന്ന് തിരികെ കൊണ്ടുവരികയും ഇരുവരെയും മാറ്റിപാര്‍പ്പിക്കുകയായിരുന്നു. ഉമേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ സുഷമയെ കോളേജില്‍ പോകാന്‍ പോലും കുടുംബം അനുവദിച്ചിരുന്നില്ല. സുഷമയെ കൊണ്ട് സ്വന്തം സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യിക്കാന്‍ ശ്രമിച്ചപ്പോള്‍ സുഷമ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 21 ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സുഷമയെ കാണാതായപ്പോള്‍ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.