ചെങ്കോട്ടയിൽ കാവിക്കൊടി പാറുമോ? എല്ലാ കണ്ണുകളും ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തേക്ക്

ദേശീയ രാഷ്ട്രീയത്തില്‍ ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകളാണ്. സി.പി.എമ്മിന്റെ ചെങ്കോട്ടയെന്ന് വിശേഷണമുള്ള ത്രിപുരയില്‍ ബി.ജെ.പി കാവിക്കൊടി പാറിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമാണെങ്കിലും മണിക്ക് സര്‍ക്കാരിന്റെ ജനസ്വാധീനമാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്.

രാജ്യത്ത് സി.പി.എം ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുരയില്‍ ഭരണം നഷ്ടപ്പെട്ടാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ സി.പി.എമ്മിന് അത് കനത്ത തിരിച്ചടിയാകും. കേരളത്തില്‍ ഭരണത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്കാകട്ടെ മുന്നോട്ട് പോവാനുള്ള അത്മവിശ്വാസം കൂടിയാകും ത്രിപുരയിലെ വിജയം. ചെങ്കോട്ടയില്‍ കാവിക്കൊടി പാറുകയാണെങ്കില്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ സി.പിഎം ഭരണത്തിനാവും അവസാനമാവുക.

ഏറെ കാലമായി അധികാരത്തില്‍ ഉള്ള സി.പി.എമ്മിന് എതിരാളിയായി രാജ്യം ഭരിക്കുന്ന ബി.ജെ.പി എത്തുന്നു എന്നതായാരുന്നു ഇത്തവണത്തെ ത്രിപുര തിരഞ്ഞെടുപ്പ് ഏറെ ചര്‍ച്ചയാവാന്‍ കാരണം. ഏറെക്കാലം ബി.ജെ.പിക്ക് ബാലികേറാമലയായിരുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബി.ജെ.പിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട് എന്നതായിരുന്നു ത്രിപുരയിലും ബി.ജെ.പിയുടെ ശക്തി.

അതേസമയം, മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ജനപിന്തുണയാണ് സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തി. സാധാരണക്കാരനായി സൈക്കിള്‍ യാത്രയും റിക്ഷാ യാത്രയുമായി രാജ്യത്തെ ഏറ്റവും ലളിത ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയായി മണിക് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നടക്കുന്നുവെന്നതാണ് സംസ്ഥാനത്ത് സി.പി.എമ്മിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകം. മാണിക് സര്‍ക്കാരിനെ പോലെ ലളിത ജീവിതം നയിക്കുന്ന നിരവധി നേതാക്കാള്‍ സംസ്ഥാനത്ത് ഉണ്ട്. മാണിക് സര്‍ക്കാരിന്റെ നേതൃത്വലുള്ള ഭരണമുന്നേറ്റങ്ങളും സി.പി.എമ്മിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ വോട്ടിംഗ് ശതമാനം കുറഞ്ഞതും ബി.ജെ.പിക്ക് പ്രതീക്ഷയേകുന്നതാണ്. 2018ലും 2013ലും 92 ശതമാനത്തോളമായിരുന്നു പോളിംഗ് എങ്കില്‍ ഇത്തവണ 74 ശതമാനം വോട്ട് മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശക്തമായ സുരക്ഷാ സാന്നിദ്ധ്യത്തില്‍ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ത്രിപുരയ്ക്കൊപ്പം മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളുടെ ഫലവും പുറത്ത് വരും.