ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം: എന്നാൽ അതിന് ദാവൂദ് മുമ്പോട്ട് വയ്ക്കുന്ന വ്യവസ്ഥകൾ ഇങ്ങനെ…

താനെ: ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുള്ളതായി പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കെസ്വാനി. ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. അതിന് ദാവൂദ് ചില വ്യവസ്ഥകളും മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യയിലേക്ക് എത്തിയാല്‍ തന്നെ അതീവസുരക്ഷിതമായ മുംബൈയിലെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ മാത്രമേ പാര്‍പ്പിക്കാവൂ എന്നാണ് ദാവൂദ് ഇബ്രാഹിമിന്റെ വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടത്– ശ്യാം കെസ്വാനി വഴിയാണ് ദൂവൂദ് ഇക്കാര്യം ഇന്ത്യന്‍ കേന്ദ്ര സർക്കാരിനെ അറിയിച്ചു.

എന്നാല്‍ ഇന്ത്യയിലേക്ക് തിരികെ വരാന്‍ ദാവൂദ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ പ്രതിയായ ഭൂമി അപഹരണ കേസില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്യാം കെസ്വാനി.

നിബന്ധനകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ രാം ജെത്മലാനി വഴി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാവൂദ് ഇബ്രാഹിം കോന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും കെസ്വാനി വെളിപ്പെടുത്തി. പാക് തീവ്രവാദി അജ്മല്‍ കസബിനെ തൂക്കിലേറ്റും മുമ്പ് പാര്‍പ്പിച്ചിരുന്ന ഇടമാണ് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍.