ദുബൈയില്‍ പിടിയിലായ ദാവൂദിന്‍റെ കൂട്ടാളിയെ ഇന്ത്യയിലെത്തിച്ചു

 

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന കൂട്ടാളിയും 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളുമായ ഫറൂഖ് തക്ല ദുബായിൽ പിടിയില്‍. മുംബൈ സ്ഫോടനത്തിനു ശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ ദുബായില്‍ നിന്ന് മുംബൈയിലെത്തിച്ച്‌ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി.

1993ല്‍ മുംബൈ സ്ഫോടനത്തിനു ശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട ഫറുക്കിനെതിരെ 1995ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

മുംബൈയില്‍ വിവിധയിടങ്ങളിലായി 12 ബോംബ് സ്ഫോടനങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടത്തിയത്. സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.