പൊലീസിന്റെ ക്രൂരത; സ്കൂട്ടറില്‍ നിന്നും ചവിട്ടി വീഴ്ത്തി; ഗർഭിണിക്ക് ദാരുണാന്ത്യം

ചെന്നൈ: ഹെല്‍മെറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസുകാരന്‍ സ്കൂട്ടറില്‍ നിന്നും ചവിട്ടി വീഴ്ത്തി. ഗർഭിണി മരിച്ചു. ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്നു ഉഷ. ഭര്‍ത്താവ് രാജ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. പോലീസ് കൈകാണിച്ചിട്ടും രാജ വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാജയെ മറ്റൊരു വണ്ടിയില്‍ പിന്തുടരുകയും കാമരാജ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജയുടെ വണ്ടി ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ ഉഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയില്ലേക്ക് പോകവെ ഉഷ മരണപ്പെടുകയും ചെയ്തു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ഉഷ.

സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കി. തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി-തഞ്ചാവൂര്‍ പാത ഉപരോധിച്ചു. ഉപരോധം പിന്നീട് അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കാമരാജിനെ അറസ്റ്റ് ചെയ്യാമെന്ന് എസ്.പി ഉറപ്പ് നല്‍കിയ ശേഷമാണ് ജനങ്ങള്‍ ശാന്തരായത്.