എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന് എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതു മുന്നണിയില്‍ തീരുമാനമായി. രാജ്യസഭയിലേക്ക് ഒഴിവുവരുന്ന സീറ്റില്‍ എല്‍.ഡി.എഫിന് അര്‍ഹതപ്പെട്ടത് എം.പി വീരേന്ദ്രകുമാര്‍ പക്ഷത്തിന് നല്‍കാന്‍ ഇന്നു ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. അതേസമയം മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

ജെഡിയു-ജെഡിഎസ് ഐക്യത്തിനുശേഷം മാത്രമായിരിക്കും വീരേന്ദ്രകൂമര്‍ വിഭാഗം എല്‍ഡിഎഫിലെത്തുമെന്നുമാണ് സൂചന. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ ഈ മാസം 20ന് വിളിച്ച് ചേർക്കും. വീരേന്ദ്രകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിലയിരുത്തലുകള്‍. എല്‍ഡിഎഫിലേക്ക് എത്തുമെന്ന് ധാരണയെത്തിയതിന് പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിനോട് ആവശ്യമപ്പെട്ടിരുന്നു.

ജെ.ഡി.യു(ശരദ് യാദവ് പക്ഷം)വിനെ എല്‍.ഡി.എഫുമായി സഹകരിപ്പിക്കും. ജനതാദള്‍ സെക്യൂലറുമായി ലയനം സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും ജെ.ഡി.യു നേതാവ് കൃഷ്ണന്‍കുട്ടി അറിയിച്ചു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് 12ന് നോമിനേഷന്‍ നല്‍കേണ്ടത്. വീരേന്ദ്രകുമാര്‍ പക്ഷത്തിന് സീറ്റ് നല്‍കുന്നതില്‍ മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എല്‍.ഡി.എഫ് വിട്ടുപോയ വീരേന്ദ്രകുമാര്‍ പക്ഷം തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന നിലപാടാണ് എല്‍.ഡി.എഫിനുള്ളത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍.ഡി.എ മുന്നണിയിലേക്ക് പോയയോടെയാണ് പാര്‍ട്ടിയില്‍ നിന്നും ലഭിച്ച രാജ്യസഭാംഗത്വം രാജിവച്ച വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ടതും. ഈ സാഹചര്യത്തിലായിരുന്നു രാജ്യസഭാ സീറ്റെന്ന് നിര്‍ദേശം ജെഡിയു ആവശ്യപ്പെട്ടത്.