മഹാ രാഷ്ട്രയിലെ കർഷകരുടെ മാർച്ച് പുതിയ ചരിത്രം കുറിക്കുന്നു; അരലക്ഷത്തിലേറെ വരുന്ന കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൂര്‍ണമായും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹാരാഷ്ട്രയില്‍ കര്ഷകരുടെ പ്രക്ഷോഭം.ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് 50,000 കര്‍ഷകര്‍ മാര്‍ച്ച് നടത്തും.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, സംസ്ഥാനത്തെ ജലം ഗുജറാത്തിന് നല്‍കുന്നത് നിര്‍ത്തുക, കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷക മാര്‍ച്ച് മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം കിസാന്‍ സഭയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്തെത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആള്‍ ആന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷക മാര്‍ച്ച് മുംബൈയോടടുക്കുമ്പോഴാണ് പ്രതിഷേധത്തിന് ശക്തമായ പിന്തുണയുമായി ശിവസേനയുടെ രംഗ പ്രവേശനം. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് കർഷകരുടെ പ്രതിഷേധം. ഫട്‌നാവിസ് സര്‍ക്കാരില്‍ അംഗമായ ശിവസേനയുടെ മുതിര്‍ന്ന നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എക്‌നാഥ് ഷിന്‍ഡേ കിസാന്‍ സഭയുടെ നേതാവ് അജിത് നവാലെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

കൂടാതെ കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എംഎന്‍എസ് തലവന്‍ രാജ് താക്കറെയും രംഗത്തെത്തി. തങ്ങളുടെ ആവശ്യം നിറവേറ്റാൻ തയ്യാറാകാത്ത പക്ഷം നിയമസഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. അരലക്ഷത്തിലേറെ വരുന്ന കര്‍ഷകരുടെ മാര്‍ച്ച് മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് തന്നെ പുതിയ ഹരിത്രം കുറിക്കുകയാണ്. യുവാക്കളും സ്ത്രീകളും പ്രായമേറിയവരുമടക്കം ഈ മാർച്ചിൽ പങ്കെടുക്കുന്നവരാണ്. ചൊവ്വാഴ്ച്ച നാസിക്കില്‍ നിന്നാണ് കര്‍ഷക മാര്‍ച്ച് പുറപ്പെട്ടത്. ഓരോ ദിവസവും ശരാശരി 35 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് താണ്ടുന്നത്. മാര്‍ച്ച് 12 നാണ് മുംബൈയിലെത്തുക.