മംഗളൂരുവിൽ ഇറങ്ങേണ്ട ജെറ്റ്​ എയര്‍വേസ്​ വിമാനം ഇറക്കിയത് ബംഗളൂരുവിൽ

മംഗളൂരുവിൽ ഇറങ്ങേണ്ട ജെറ്റ്​ എയര്‍വേസ്​ വിമാനം ഇറക്കിയത് ബംഗളൂരുവിൽ. ഇതോടെ അബുദാബിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാർ നാലര മണിക്കൂറോളം ബംഗളൂരുവിൽ കുടുങ്ങിക്കിടന്നു. രാവിലെ 7.30ന്​ മംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ടിയിരുന്ന വിമാനം വൈകലും വഴിതിരിച്ചുവിടലും കാരണം ഉച്ചക്ക്​ 1.20ഒാടെയാണ്​ എത്തിയത്​.

മോശം കാലാവസ്​ഥയാണ്​ വിമാനം വൈകാനും തിരിച്ചുവിടാനും കാരണ​മെന്നാണ്​ അധികൃതരുടെ വിശദീകരണം. എന്നാല്‍, അബുദാബിയിൽ നിന്നും മംഗളൂരുവിലേക്കുള്ള മറ്റു വിമാനങ്ങള്‍ തടസ്സങ്ങളില്ലാതെ സര്‍വീസ്​ നടത്തിയതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നിട്ടും ഭക്ഷണവും വെള്ളവുമൊന്നും നല്‍കാന്‍ വിമാന അധികൃതര്‍ തയാറായില്ലെന്ന്​ യാത്രക്കാര്‍ പരാതിപ്പെട്ടു.