മൃതദേഹം തൂക്കി നോക്കി പണം ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ, അപ്പോൾ അറേബ്യന്‍ ട്രാവല്‍സ് നടത്തിയ പ്രഖ്യാപനം?

മൃതദേഹങ്ങള്‍ വിമാനം വഴി അയക്കുമ്പോള്‍ തൂക്കം നോക്കി നിരക്ക് ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ. ഇതെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഏത് തരത്തില്‍ ഇത് നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

യു.എ.ഇയില്‍ അബൂദബി ഒഴികെയുള്ളയിടങ്ങളില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാന്‍ ഔദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യന്‍ ട്രാവല്‍സ് നടത്തിയ പ്രഖ്യാപനം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണെന്ന് അറിയില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. നിരക്ക് സംബന്ധിച്ച് തീരുമാനമുണ്ടായാല്‍ എയര്‍ ഇന്ത്യയുടെ ആസ്ഥാനത്ത് നിന്ന് തന്നെ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കുകയാണ് പതിവെന്ന് എയര്‍ ഇന്ത്യ മാനേജര്‍ പറഞ്ഞു. മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് കാണിക്കുന്നത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിമാനക്കമ്പനികള്‍ ഈ രീതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ വ്യോമയാന രംഗത്തെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം തൂക്കി നോക്കുന്നത് തുടരേണ്ടിവരും. ദൂരം അനുസരിച്ച് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും വേറെ നിരക്ക് തന്നെ ഏര്‍പ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട് തരം നിരക്ക് ഏര്‍പ്പെടുത്തേണ്ടിയും വരും.

ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് നിരക്ക് ഏകീകരണം കീറാമുട്ടിയായിരിക്കുന്നത്. ശരാശരി തൂക്കം നിശ്ചയിച്ച് സ്ഥിരം നിരക്ക് ഏര്‍പ്പെടുത്തിയാല്‍ ചിലര്‍ക്ക് ലാഭവും ചിലര്‍ക്ക് നഷ്ടവുമുണ്ടാകും. അതേസമയം, മൃതദേഹം തൂക്കി നോക്കി പണം വാങ്ങുമ്പോള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്.