ഉപ തിരഞ്ഞെടുപ്പിന് മുമ്പേ ചെങ്ങന്നൂരില്‍ ബിജെപിക്ക് തിരിച്ചടി, സഹകരിക്കില്ലെന്ന് ബിഡിജെഎസ്

ഉപ തിരഞ്ഞെടുപ്പിന് മുമ്പേ ചെങ്ങന്നൂരില്‍ ബിജെപിക്ക് തിരിച്ചടി. ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് കിട്ടിയത് ബിഡിജെഎസ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലന്നും അദ്ദേഹം അറിയിച്ചു. എംപി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാര്‍ത്തക്കെതിരെ പരാതി നല്‍കും. ബിജെപിയിലെ ചിലര്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയുമെന്നും തുഷാര്‍ വെള്ളപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ നിലപാടായിരിക്കും മുന്നണിയെ ശിഥിലമാക്കുന്നത്. എന്‍ഡിഎ നേതൃത്വം ബിഡിജെഎസിനോടുള്ള അവഗണന തുടരുകയാണെന്നും തുഷാര്‍ ആരോപിച്ചിരുന്നു.

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും, ആവശ്യപ്പെട്ടത് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.