മിസ്‌ഡ് കോളടിച്ച് പന്ത്രണ്ടോളം സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം സ്വർണം കവർന്നു; മണവാളന്‍ പ്രവീണ്‍ അറസ്റ്റിൽ

പന്ത്രണ്ടോളം സ്ത്രീകളെ ഫോണിലൂടെ പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം സ്വർണം കവർന്ന മണവാളൻ പ്രവീൺ എന്ന പ്രവീണ്‍ ജോര്‍ജ് അറസ്റ്റിൽ. എറണാകുളം കുമ്ബളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജ് എന്ന മണവാളന്‍ പ്രവീണി (36)നെ യാണ് നിലമ്ബൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ യുവതികളെ വശത്താക്കി മാനഭംഗപ്പെടുത്തി പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് പ്രതിയുടെ രീതി.

വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പരിചയപ്പെട്ട് മാനഭംഗപ്പെടുത്തി 15 പവന്‍ കവര്‍ന്നെന്ന കേസിലാണ്് പ്രവീണിനെ പിടികൂടിയത്. വണ്ടൂര്‍ സ്വദേശിനിയുമായി പ്രണയം നടിച്ച്‌ വിവാഹശേഷം താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് നോക്കാനെന്നു പറഞ്ഞ് നിലമ്പൂർ ചന്തക്കുന്നിലെ ക്വാര്‍ട്ടേഴ്സിലെത്തിച്ച്‌ കോളയില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ചശേഷം മാനഭംഗപ്പെടുത്തി 15 പവന്‍ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.

മിസ്ഡ് കോളടിച്ച്‌ സ്ത്രീകളെ പരിചയപ്പെട്ടാണ് പ്രവീണ്‍ കെണിയില്‍ വീഴ്ത്തുക. സ്ത്രീകളുടെപേരില്‍ സിം കാര്‍ഡുകളും എടുപ്പിക്കും. ഇങ്ങനെ എടുപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് മറ്റു സ്ത്രീകളെ വലയില്‍ വീഴ്ത്തുക. ഒരു നമ്പറിൽ നിന്നും ഇയാള്‍ രണ്ടു സ്ത്രീകളെ മാത്രമാണ് വിളിക്കുക. മറ്റ് സ്ത്രീകള്‍ വിളിക്കുമ്ബോള്‍ ബിസി ആകാതിരിക്കാനാണ് ഈ തന്ത്രമെന്ന് പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഫോട്ടോയോ വിലാസമോ നല്‍കാറില്ല. വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാറില്ല. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി 12 ഓളം സ്ത്രീകളെ ഇത്തരത്തില്‍ അടുപ്പത്തിലാക്കി കബളിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലരെ ഭാര്യയായി വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിപ്പിച്ചുവരികയാണെന്നും പൊലീസിനോട് വെളിപ്പെടുത്തി.

സ്ഥിരമായി ഒരു ഫോണ്‍ നമ്പർ ഉപയോഗിക്കാത്തിനാല്‍ ട്രെയിന്‍മാര്‍ഗം സഞ്ചരിക്കുന്നത് മനസിലാക്കി രഹസ്യനിരീക്ഷണം നടത്തിയാണ് പ്രവീണിനെ പിടികൂടിയത്. ജില്ലാ പൊലീസ് ചീഫ് ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, നിലമ്ബൂര്‍ ഇന്‍സ്പെക്ടര്‍ കെഎം ബിജു, എസ്‌ഐ സി പ്രദീപ്കുമാര്‍, എസ്പിഒ റെനി ഫിലിപ്പ്, സിപിഒമാരായ എം മനോജ്, പിസി വിനോദ്, ടി ബിനോബ്, ജാബിര്‍, ജയരാജ്, റൈഹാനത്ത് എന്നിവരുള്‍പ്പെടുന്ന അന്വേഷണസംഘമാണ് പ്രവീണിനെ പിടികൂടിയത്.