പടയൊരുക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്സ് ; ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച്‌ പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി വരണമെന്ന് പ്രമേയം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രമേയം. ബിജെപിക്കെതിരെ വിശാലപ്രതിപക്ഷ സഖ്യം വേണമെന്നും എഐസിസി പ്ലീനറി രാഷ്ട്രീയപ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച്‌ പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്ന പ്രമേയം കൂറുമാറ്റക്കാരെ ആറ് വര്‍ഷത്തേക്ക് അയോഗ്യരാക്കണമെന്ന നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ടു.

എഐസിസിയുടെ സമ്പൂര്‍ണ സമ്മേളനത്തിലാണ് (പ്ലീനറി) പ്രമേയം അവതരിപ്പിച്ചത്. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. എഐസിസിയുടെ 84ാം സമ്മേളനമാണ് നടക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഉടനെ തിരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കും.