(വീഡിയോ കാണാം) ടോള്‍ ചോദിച്ച ജീവനക്കാരെ ബി.ജെ.പി എം.എല്‍.എ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ജയ്പൂര്‍: ജീവനക്കാര്‍ ടോള്‍ ചോദിച്ചതിനെത്തുടര്‍ന്നു ബിജെപി എംഎല്‍എ ടോള്‍ ബൂത്ത് ജീവനക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . രാജസ്ഥാനിലെ ഗാര്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജീത്മല്‍ കാന്തും സംഘവുമാണ് ബധാലിയയിലെ ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. വീഡിയോ വൈറലായെങ്കിലും സംഭവത്തില്‍ പരാതി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പരാതിയില്ലാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വാദം.

എംഎല്‍എ ടോള്‍ പ്ലാസ ജീവനക്കാരന്റെ തലമുടി പിടിച്ച്‌ വലിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്യുന്ന വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതാദ്യമായല്ല ബിജെപി നേതാക്കള്‍ ടോള്‍ ബൂത്ത് ജീവനക്കാരെ ആക്രമിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് . ഇതിനു മുമ്പും ബിജെപി നേതാക്കള്‍ ടോള്‍ പ്ലാസ ജീവനക്കാരെ കൈകാര്യം ചെയ്ത സംഭവങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എം.എല്‍.എയും ജീവനക്കാരും തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിന് പിന്നിലെന്നും അവര്‍ക്ക് പരാതിയില്ലെന്നും ബന്‍സ്വാര എസ്.പി കലു റാം റാവത് പറഞ്ഞു. സംഭവത്തോട് പ്രതികരിക്കാന്‍ എം.എല്‍.എ ജീത്മല്‍ കാന്ത് തയ്യാറായില്ല.