ഡ്രൈവറുടെ മകൾക്ക് മംഗളം നേരാൻ ഇമാറാത്തികൾ കേരളത്തിൽ

ദുബായ്: സാധാരണക്കാരായ തങ്ങളുടെ ജോലിക്കാർക്ക് എപ്പോയും സ്നേഹപരിഗണന നല്‍കാനും അവരുടെ സന്തോഷങ്ങളിൽ മറ്റും പങ്കാളിയാകുവാൻ ഏറെ ശ്രദ്ധിക്കുന്നവരാണ് പൊതുവേ ഇമാറാത്തികൾ. എന്നാൽ കഴിഞ്ഞ ദിവസം ഇമാറാത്തികളുടെ ഇത്തരത്തിലുള്ള സ്നേഹ പ്രകടനങ്ങള്‍ക്ക് ഒരു വിത്യസ്ത വേദിയായി മാറി കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീട് . തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവർ മൊയ്തീൻ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകൾ നേരുവാനും വീട്ടുകാരുടെ സന്തോഷത്തിൽ പങ്കുകെള്ളുവാനും വേണ്ടി ഒരു പറ്റം ഇമാറാത്തികളാണ് ദുബായില്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോയത്.

26 വർഷമായി ദുബൈയിലെ അൽ മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദുർറഹ്മാൻ ഉബൈദ് അബു അൽ ശുവാർബിന്‍റെ വീട്ടിലെ ഡ്രൈവറാണ് മൊയ്തീൻ കുഞ്ഞി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജോലിക്കാരനാണ് ഈ കാലടി സ്വദേശി.അദ്ദേഹത്തിന്‍റെ മകനും കുട്ടുക്കാരുമാണ് മൊയ്തീൻ കുഞ്ഞിമായി ഈ ഇമാറാത്തി കുടുംബത്തിനുള്ള ആത്മബന്ധത്തിന്‍റെ ആഴം അറിയിക്കാൻ നേരിട്ട് കേരളത്തിലെത്തിയത്.തുടർന്ന് അവരുടെ പ്രിയപ്പെട്ട ഡ്രൈവറുടെ സന്തോഷത്തിൽ പങ്കാളിയാകുവാനും വധുവാരന്മാർക്ക് സമ്മാനങ്ങൾ നൽകുവാനും അവർ പരസ്പരം മത്സരിച്ചു . ഇവരുടെ വരവ് കൊണ്ട് നാട്ടിലെ സാധാരണകാരനായ മൊയ്തീൻ കുഞ്ഞിക്ക് വലിയ സെലിബ്രിറ്റിയുടെ പരിവേഷം തന്നെ കിട്ടി.

അൽ മുഹൈസിനയിലെ ഈസ്വദേശി വീട്ടിൽ ഒരു പാചകകാരനായി ജോലിയിൽ പ്രവേശിച്ചതാണ് മൊയ്തീൻ കുഞ്ഞി. 26 വർഷമായി ഈവീട്ടിൽ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷങ്ങൾക്ക് മുൻപാണ് ലൈസൻസ് എടുത്തു ഡ്രൈവറായി ജോലി നോക്കി വരുന്നത്. മാത്രവുമല്ല അർബാബിന്റെ മജ്‌ലിസിൽ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവർക്കുള്ള ഭക്ഷണവും മറ്റും നൽകുന്നത് ഇദ്ദേഹമായിരുന്നു. ഈ മജ്ലിസിൽ സ്പോണ്സറുടെ മകന്‍റെ കൂട്ടുകാരും പതിവായി എത്താറുണ്ട്. യു എ ഇ -യിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ആ കൂട്ടുകാർ. അവരുമായും നല്ല ആത്മബന്ധമാണ്‌ മൊയ്തീൻ കുഞ്ഞിക്ക്. ആ ആത്മബന്ധത്തിന്റെ സ്നേഹമറിഞ്ഞാണ് കൂട്ടുകാരും കല്യാണത്തിന് പങ്കെടുക്കാൻ മൊയ്തീന്റെ അർബാബിന്റെ മകനൊപ്പം നാട്ടിലെത്തിയത്. എന്റെയും കുടുംബത്തിന്റെ ജീവിതത്തിന് ഏറെ സഹായം ചെയ്യുന്നവരാണ് ഇവർ. അവരുടെ സാന്നിദ്ധ്യം സാധാരണകാരനായ എനിക്ക് ഏറെ സന്തോഷം നൽകുന്നുയെന്ന് മൊയ്തീൻ കുഞ്ഞി പറയുന്നു. കല്യാണത്തിൽ പങ്കെടുത്ത് അതിഥികൾ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് യു എ ഇ യിലേക്ക് മടങ്ങി എത്തിയത്