ഓക്സിജൻ ലഭിച്ചില്ല; സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുംവഴി രോഗി മരണപ്പെട്ടു

തൃശ്ശൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുംവഴി സിലിണ്ടറിൽ ഓക്സിജന്റെ അഭാവം മൂലം ശ്വാസംകിട്ടാതെ രോഗി മരണപ്പെട്ടു. ശ്വാസംമുട്ടലിനെത്തുടര്‍ന്നാണ് കാളത്തോട് കെരേരക്കാട്ടില്‍ കെ.കെ. സെബാസ്റ്റ്യനെ (64) സ്വകാര്യ ആശുപത്രിയിേലക്ക് മാറ്റിയത്.

എന്നാൽ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ ഓക്സിജന്‍ മാസ്ക് ആശുപത്രി അധികൃതര്‍ എടുത്തു മാറ്റിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആംബുലന്‍സില്‍ ഓക്സിജന്‍മാസ്ക് ഉണ്ടെന്നതിനാലാണ് ഊരിയെടുത്തത്. എന്നാൽ രണ്ട് കിലോമീറ്ററെത്തിയപ്പോഴേക്കും ആംബുലന്‍സിലെ സിലിന്‍ഡറിലെ ഓക്സിജൻ തീരുകയും സെബാസ്റ്റ്യന്‍ മരിക്കുകയും ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തി പ്രതിഷേധം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ശാന്തരാക്കി. ആരോപണത്തെപ്പറ്റി അന്വേഷിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി പറഞ്ഞു.