കാക്കി ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമായി കാണരുത്; മുഖ്യമന്ത്രി

തൃശൂര്‍: കാക്കി ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 381 പൊലീസ് ഡ്രൈവര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റ് പോലും പൊലീസ് സേനയുടെ തെറ്റായി കാണും. അത് സേനയ്ക്ക് മൊത്തത്തിൽ നാണക്കേടാകും. ഈ നിലപാടിന് മാറ്റം ആവശ്യമാണ്.പൊലീസ് സേനയുടെ യശസ് ഉയര്‍ത്തുന്ന തരത്തിലായിരിക്കണം ഓരോരുടെയും പ്രവർത്തനം- മുഖ്യമന്ത്രി വ്യക്തമാക്കി.

ഡ്രൈവര്‍മാരുടെ കുറവുമൂലം ഈ ജോലികള്‍ പോലീസുകാര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 1,160 പുതിയ തസ്തിക അനുവദിച്ചത്. അതിന്റെ ഭാഗമായി 400 പേരെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. കൂടാതെ ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന കമ്പനികളില്‍ എത്തി തൊഴില്‍ശാലകള്‍ സന്ദര്‍ശിച്ച്‌ പരിശീലനം ലഭ്യമാക്കന്‍ സാധിച്ചതു നേട്ടമാണ് ,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.