മാണി എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം

തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ നിലപാടിൽ തങ്ങൾ ഉറച്ച് നിൽക്കുന്നതായും പാ​ര്‍​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​ണി​യെ എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെ​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ശ​രി​വ​ച്ചി​രു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ല്‍​ഡി​എ​ഫി​ലെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു​പ​ര​മാ​യും ഗു​ണം ചെ​യ്യി​ല്ല. മാ​ണി യു​ഡി​എ​ഫു​മാ​യും ബി​ജെ​പി​യു​മാ​യും ച​ര്‍​ച്ച​യി​ലാണ്. വി​ല​പേ​ശ​ല്‍ ത​ന്ത്ര​മാ​ണ് മാ​ണി പ്ര​യോ​ഗി​ക്കു​ന്ന​ത്- സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം-സിപിഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മാണിയെ സഹകരിപ്പിക്കാന്‍ ഏകദേശ ധാരണ ആയിരുന്നെങ്കിലും അന്തിമ തീരുമാനം കേരളത്തിലെ നേതൃത്വം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.

എന്നാല്‍ മാണിയുമായി ബന്ധം വേണ്ടെന്ന പഴയ നിലപാടില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.രാജയുടെ പ്രതികരണം.