ആണ്ട് കുമ്പസാരത്തിന് നിയമസഭക്ക് അവധി നൽകണമെന്ന് പിസി ജോർജ്, പിസി ജോർജിന് കുമ്പസരിക്കാൻ ഒരു ദിവസം മതിയോ എന്ന് എംഎൽഎമാർ;ചിരിയിൽ മുങ്ങി നിയമസഭ.

ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ ചർച്ച ചെയ്യുന്നതിനിടെയാണ് പിസി ജോർജ് സഭയിൽ ഒരാവശ്യമുന്നയിച്ചത്! ‘ബുധനാഴ്ച ആണ്ട് കുമ്പസാരമാണ്, എന്നാൽ നാളെ നിയമസഭ സമ്മേളിക്കുന്നുമുണ്ട്, അപ്പോഴെങ്ങനെ കുമ്പസരിക്കാൻ പറ്റും? അതുകൊണ്ട് നാളെ നിയമസഭക്ക് അവധി നൽകണം’ ഇതായിരുന്നു പിസി ജോർജിൻറെ ആവശ്യം. പിസിയുടെ ആവശ്യം പക്ഷഭേദമില്ലതെ സഭ ഒന്നടങ്കം ഏറ്റെടുത്തു. പിസിയുടെ കുമ്പസാരം കേൾക്കുന്ന അച്ചന്റെ അവസ്ഥയെന്തായിരിക്കുമെന്നാണ് ചിറ്റയം ഗോപകുമാർ എംഎൽഎയുടെ സംശയം. ഇത്രയും നാൾ ചെയ്ത പാപങ്ങളെല്ലാം ഏറ്റു പറയേണ്ടി വരും, അതേറ്റ് പറയാനുള്ള സാവകാശം അദ്ദേഹത്തിന് വകവെച്ച് കൊടുക്കണം എന്നായിരുന്നു അടൂർ പ്രകാശിന്റെ കമന്റ്. കീഴാറ്റൂരിൽ ഇന്നലെ ചെയ്തസ് പാപത്തിന് ഇന്നലെ തന്നെ പിസി കുമ്പസാരിച്ചുവെന്ന് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു സഭയില്‍ പറഞ്ഞു. കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ പിസിയുടെ മലക്കംമറിച്ചിലാണ് എംഎൽഎ ഉദ്ദേശിച്ചത്. പിസി ജോർജിന് കുമ്പസരിക്കാൻ ഒരു ദിവസം മതിയാവുമോ എന്നതായിരുന്നു വേറൊരു അംഗത്തിന്റെ സംശയം.
പരിഹാസങ്ങളൊക്കെ താൻ ക്ഷമിച്ചുവെന്നും തനിക്ക് കുമ്പസരിക്കാൻ ഒരു മിനുട്ട് മതിയെന്നും പിസി ജോർജ് സഭയിൽ വ്യക്തമാക്കി.