കാസർകോട് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരണപ്പെട്ടു

കാസർകോട്: കാസർകോട് മൊഗ്രാൽ കൊപ്പളയിൽ ട്രെയിൻ തട്ടി രണ്ട് പേര്‍ മരണപ്പെട്ടു. യു.പി സ്വദേശിയും മൊഗ്രല്‍ പുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്‍ ( 19), ഇസ്‌മായീല്‍ (22) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് ശ്രദേശികളാണ് മരണപ്പെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്ന് പോകുമ്പോൾ ട്രെയിൻ തട്ടിയായിരുന്നു അപകടം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും യുവാക്കള്‍ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.