കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചോർന്ന സംഭവം; ബിജെപി നേതാവിനെതിരെ അന്വേഷണമില്ല, അന്വേഷണം കോൺഗ്രസ്സ് നേതാവിന് നേർക്ക്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചോർന്ന സംഭവത്തിൽ ബിജെപി നേതാവിനെതിരെ അന്വേഷണമില്ല. കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. അമിത് മാളവ്യക്ക് പുറമെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലെ ചുമതല വഹിക്കുന്ന ബി ശ്രീവാസ്തവയും തീയതി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ടൈംസ് നൗവില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റെന്ന് അമിത് മാളവ്യയും കര്‍ണാടകത്തിലെ ഒരു വാര്‍ത്ത ചാനലില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റെന്ന് ശ്രീവാസ്തവയും അവകാശപ്പെട്ടിരുന്നു.

അമിത് മാളവ്യ തന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിനിടെ തീയതി ചോര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ ഡെപ്യുട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ആറു പേരടങ്ങുന്ന സമിതിക്ക് ചൊവ്വാഴ്ച വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കി. ഈ അന്വേഷണ കമ്മീഷന്റെ പരിഗണന വിഷയങ്ങളില്‍ അമിത് മാളവ്യക്കോ, ടൈംസ് നൗ ചാനലിനോ തീയതി ചോര്‍ന്നതിനെ സംബന്ധിച്ച്‌ അന്വേഷിക്കുന്നത് ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം പരിഗണന വിഷയങ്ങളില്‍ രണ്ടാമത്തെ ഇനം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലെ ചുമതല വഹിക്കുന്ന ബി ശ്രീവാസ്തവയ്ക്ക് തീയതി ചോര്‍ന്ന് ലഭിച്ചതിനെ കുറിച്ചുള്ള അന്വേഷണമാണ്. ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള കന്നഡ വാര്‍ത്ത ചാനലിന് തീയതി ചോര്‍ന്ന് ലഭിച്ചതിനെ കുറിച്ചും അന്വേഷണ സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരത്തില്‍ ഉള്ള ചോര്‍ച്ച തടയാന്‍ സ്വീകരിക്കേണ്ട ശുപാര്‍ശകള്‍ക്കും സമിതി രൂപം നല്‍കും. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഡെപ്യുട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ അധ്യക്ഷതയിലുള്ള ആറു പേരടങ്ങുന്ന സമിതിയാണ് വോട്ട് ചോര്‍ച്ച അന്വേഷിക്കുന്നത്.