സുഡാനി ഫ്രം നൈജീരിയയുടെ നിർമ്മാതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി സാമുവേൽ റോബിൻസൺ

മലയാള സിനിമയിൽ വംശീയത നിലനിൽക്കുന്നതായും പ്രതിഫലത്തിൻറെ കാര്യത്തിൽ തനിക്ക് വിവേചനം നേരിട്ടതായും ആരോപിച്ച് നേരത്തെ സാമുവേൽ രംഗത്തെത്തിയിരുന്നു.

ഇതേ തുടർന്ന് കരാർ പ്രകാരമുള്ള തുക സാമുവേലിന് നൽകിയതായും ലാഭവിഹിതം കളക്ഷൻ തുക ലഭിക്കുന്ന മുറക്ക് സാമുവേലിന് കൈമാറുമെന്നും വംശീയതാ പരാമർശം തങ്ങളെ വളരെയധികം വേദനിപ്പിച്ചതായും നിർമാതാക്കളായ ഹാപ്പി ഹവേഴ്സ് എന്റർടെയ്ന്മെന്റ് പ്രസ്താവിച്ചിരുന്നു. എന്നാൽ പ്രതിഫലയിനത്തിൽ തനിക്ക് ലഭിച്ചത് 1.80000 രൂപ മാത്രമാണെന്നും ഇത് വളരെ കുറഞ്ഞ് പോയി എന്നുമാണ് സാമുവേലിന്റെ പക്ഷം. സിനിമയിൽ അഭിനയിച്ച തന്നെക്കാൾ ജൂനിയറായ താരങ്ങൾക്ക് തനിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചുവെന്നും താൻ പറ്റിക്കപ്പെട്ടുവെന്നുമാണ് സാമുവേൽ ആരോപിക്കുന്നത്. വംശീയത ആരോപണം തൻറെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തെ വിലമതിക്കുന്നതായും സാമുവേൽ കൂട്ടിച്ചേർത്തു. മുൻ സിനിമകളിൽ ലഭിച്ച പ്രതിഫലവും മറ്റും താരതമ്യം ചെയ്തപ്പോഴാണ് തൻ ചൂഷണം ചെയ്യപ്പെട്ടതായി മനസിലായതെന്ന് സാമുവേൽ പറഞ്ഞു. ഫെയിസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മാർച്ച് 23ന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോവുന്ന സമയത്താണ് ശോഭ കെടുത്തുന്ന രീതിയിൽ പ്രതിഫല വിവാദം ഉയർന്നത്.