സ്വാതന്ത്ര്യസമരത്തില്‍ ആർഎസ്എസ്എസിന് പങ്കുട്ടെന്ന് സ്ഥാപിക്കണം; രാജ് ഗുരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നെന്ന് അവകാശവാദം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിങ്ങിനും സുഖ്‌ദേവിനുമൊപ്പം കഴുമരത്തിലേറിയ രാജ് ഗുരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നെന്ന് അവകാശവാദം. മുന്‍ ആര്‍.എസ്.എസ്. പ്രചാരകനും പത്രപ്രവര്‍ത്തകനുമായ നരേന്ദ്ര സിങ് സഹ്ഗല്‍ എഴുതിയ ‘ ഭാരത്വര്‍ഷ് കി സര്‍വംഗ് സ്വതന്ത്രത’ (ഇന്ത്യയുടെ സമ്ബൂര്‍ണ സ്വാതന്ത്ര്യം) എന്ന പുസ്തകത്തിലാണ് ഈ അവകാശവാദം.

സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസോ അതിന്റെ പ്രവര്‍ത്തകരോ സജീവമായി പങ്കെടുത്തിരുന്നില്ലെന്ന പ്രചാരണത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ഈ അവകാശവാദമെന്നു കരുതുന്നു. ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭാഗവത് ആണ് പുസ്തകത്തിന് അവതാരികയെഴുതിയത്. കഴിഞ്ഞമാസം നാഗ്പുരില്‍ നടന്ന ആര്‍.എസ്.എസ്.അഖില ഭാരതീയ പ്രതിനിധിസഭയില്‍ പുസ്തകം വിതരണം ചെയ്തിരുന്നു.

സ്വയം സേവകരായ സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന അധ്യായത്തിലാണ് രാജ്ഗുരുവിനെ പരാമര്‍ശിക്കുന്നത്. ‘മൊഹിതെ ബാഗ് ശാഖയില്‍ സ്വയംസേവകനായിരുന്നു രാജ്ഗുരു. ലാലാ ലജ്പത് റായിയെ ലഹോറില്‍ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്‍ ജെ.പി. സാന്‍ഡേഴ്‌സനെ വധിച്ചശേഷം രാജ്ഗുരു നാഗ്പുരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തി. അവിടെ തത്കാലം ഒളിവില്‍ പാര്‍ക്കാന്‍ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഒരു വീടു സംഘടിപ്പിച്ചുകൊടുത്തു. സ്വദേശമായ പുണെയിലേക്കു ഉടന്‍ മടങ്ങരുതെന്നും പോലീസ് അവിടെയാകെ വലവിരിച്ചിരിക്കുകയാണെന്നും ഉപദേശിച്ചു- പുസ്തകത്തില്‍ അവകാശപ്പെടുന്നു.

സാന്‍ഡേഴ്‌സണെ വധിച്ച കുറ്റത്തിനു ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് ഹെഡ്‌ഗേവാര്‍ ദുഃഖിതനായി. ‘ അവരുടെ ത്യാഗം വെറുതെയാവില്ല’ -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’-പുസ്തകത്തില്‍ പറയുന്നു.

പുസ്തകത്തിലെ അവകാശവാദങ്ങളെ പ്രമുഖ ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി തള്ളിക്കളഞ്ഞു. ”ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമായ പ്രതീകത്തെ തങ്ങളുടേതാക്കി മാറ്റാനുള്ള ആര്‍.എസ്.എസിന്റെ ശ്രമമാണിത്. ബി.ആര്‍. അംബേദ്കറെയും സ്വാമിവിവേകാനന്ദനെയും ബാലഗംഗാധര തിലകനെയും സ്വന്തമാക്കാനും നേരത്തേയവര്‍ ശ്രമിച്ചിരുന്നു”- അദ്ദേഹം പറഞ്ഞു.

‘ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കുറിച്ചുള്ള രേഖകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്ററും ജെ.എന്‍.യു.വിലെ ചരിത്രവിഭാഗം പ്രൊഫസറുമായ ചമന്‍ ലാലും പുസ്തകത്തിലെ അവകാശവാദങ്ങള്‍ ചോദ്യംചെയ്യുന്നു. ‘നേരത്തേയവര്‍ അവകാശപ്പെട്ടത് ഭഗത് സിങ്ങിന് അവരുമായി ബന്ധമുണ്ടെന്നാണ്. അദ്ദേഹമോ രാജ്ഗുരുവോ ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണെന്നതിന് ഒരു തെളിവുമില്ല. അവരുടെ സഹപ്രവര്‍ത്തകര്‍ എഴുതിയ ജീവചരിത്രക്കുറിപ്പുകളില്‍ ഒന്നിലും അത്തരം സൂചനയില്ല’- അദ്ദേഹം പറഞ്ഞു.

എന്നാല്‍, തന്റെ പുസ്തകം ചരിത്രവസ്തുതകളെ ആസ്​പദമാക്കിയുള്ളതാണെന്ന് സഹ്ഗല്‍ പറയുന്നു. ”ഇത്തരം കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ആര്‍.എസ്.എസ്. അതൊന്നും രേഖപ്പെടുത്തിവെക്കാത്തത്. 1960-ല്‍ നാരായണ്‍ ഹരി എഴുതിയ പുസ്തകത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്” – അദ്ദേഹം പറഞ്ഞു.