മർദ്ദനമേറ്റ് അവശനായ മകന് വെള്ളം നല്‍കാന്‍ പോലും പൊലീസ് ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ അമ്മ

വരാപ്പുഴ: ഗൃഹനാഥന്‍ തൂങ്ങിമരിച്ച കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ക്രൂരമായ മർദ്ദനത്തിനിരയാക്കിയെന്ന അമ്മ ശ്യാമളയുടെ മൊഴി. വീട്ടിലെത്തി മര്‍ദിച്ച ശ്രീജിത്ത് അവശനായി വെള്ളം ചോദിച്ചപ്പോൾ, വെള്ളം നല്‍കാന്‍ പോലും എസ്‌ഐ ദീപക് സമ്മതിച്ചില്ലെന്നും അമ്മ അപറഞ്ഞു.

ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരന്‍ സജിതും ആരോപിച്ചു. വീട്ടിലും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന വഴിയിലും, സ്റ്റേഷനിലും ശ്രീജിത്തിനെ ക്രൂരമര്‍ദനത്തിനിരയാക്കിയെന്നും, വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ടു എന്നാരോപിക്കപ്പെടുന്ന ദിവസം താനും ശ്രീജിത്തും സ്ഥലത്തില്ലായിരുന്നുവെന്നും സജിത് വ്യക്തമാക്കി. തന്നെയും ക്രൂരമായി അർധിച്ചുവെന്ന് സജിത്ത് ആരോപിച്ചു.

അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പ്രാഥമിക അന്വേഷണ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം വേഗം പൂര്‍ത്തിയാക്കുമെന്നും ഡിജിപി പറഞ്ഞു. കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും.ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതെ സമയം, ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ടതാണ് എന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. ശ്രീജിത്തിന്റെ അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് കാരണമായത് ആന്തരികാവയവങ്ങള്‍ക്ക് ഏറ്റിട്ടുള്ള ക്ഷതമാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സക്കറിയ തോമസ്, ഡോ ശ്രീലക്ഷ്മി, ഡോ. സ്‌നേഹല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വൈകുന്നേരത്തോടെ തന്നെ പോസ്‌ററ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ശ്രീജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാൽ കസ്റ്റഡിയിലേറ്റ മർദ്ദനം കാരണമല്ല ശ്രീജിത്തിന് മരണം സംഭവിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.