രാജ്യത്ത് ലിംഗവിവേചനം ഇല്ലാതെ തുല്യവേതനം; ചരിത്രം കുറിക്കുന്ന തീരുമാനവുമായി യു.എ.ഇ

ദുബായ്: ചരിത്രം കുറിക്കുന്ന തീരുമാനമാനാവുമായി യു.എ.ഇ. വികസന മുന്നേറ്റത്തിൽ പുരുഷന്മാർക്കും വനിതകൾക്കും തുല്യപ്രാധാന്യം ഉറപ്പാക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ട്വിറ്ററിലൂടെയാണ് വനിതകൾ ഒരുരംഗത്തും വിവേചനം നേരിടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്നും, ഒരേ ജോലിക്ക് ലിംഗവിവേചനമില്ലാതെ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫൊർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിന്റെ വനിതാശാക്തീകരണ നയപരിപാടികൾ കൂടി പരിഗണിച്ചാണ് പുതിയ നിയമം.