ഫേസ്ബുക്കിന്റെ സ്ഥാനം കീഴടക്കാൻ ഓര്‍ക്കുട്ടിന്റെ രണ്ടാം വരവായി ഹാലോ എത്തുന്നു

ലോകത്ത് ഏറ്റവു കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയായ ഫെയ്സ്ബുക്ക് ഡാറ്റ ചോര്‍ന്ന വിഷയത്തില്‍ കുരുങ്ങിയതോടെ ഫെയ്‌സ്ബുക്കിന്റെ സ്ഥാനം കീഴടക്കാന്‍ ‘ഹലോ’ വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയ സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഓര്‍ക്കുട്ടിന്റെ സ്ഥാപകന്‍ തന്നെയാണ് ഹലോ ആപ്പും നിര്‍മ്മിച്ചിരിക്കുന്നത്. 2004ല്‍ ഓര്‍ക്കുട്ട് ബുയോകോട്ടന്‍ എന്ന ടര്‍ക്കിഷ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ഓര്‍ക്കുട്ടിനു രൂപം നല്‍കിയത്. അത് അതി ശിഖരം തന്നെ യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നു.

വിപ്ലവകരമായ മാറ്റങ്ങളാണ് സോഷ്യല്‍ മീഡിയ രംഗത്ത് ഓര്‍ക്കുട്ട് സംഭാവന ചെയ്തത്. പിന്നീട് ഫെയ്‌സ്ബുക്കുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്തെത്തിയതോടെ ഓര്‍ക്കുട്ട് പിന്തള്ളപ്പെട്ടു. അതിന് എന്നാല്‍ ഫെയ്സ്ബുക്കും പിന്നാലെ വാട്ട്സാപ്പും സോഷ്യല്‍ മീഡിയ രംഗം കയ്യടക്കിയോടെ ഓര്‍ക്കുട്ട് തന്നെ ഇല്ലാതായി. ആദ്യകാലത്ത് ഓര്‍ക്കുട്ടിന് ഏറ്റവും കൂടുതല്‍ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു.

ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് വിവാദത്തിലായ സാഹചര്യത്തിൽ ഹലോ എന്ന തന്റെ പുതിയ സംരംഭവുമായി ഇന്ത്യയില്‍ വേരുറപ്പിക്കാനാണ് ഓര്‍ക്കുട്ട് ബുയോകോട്ടന്റെ ശ്രമം. ഫെയ്‌സ്ബുക്കിനേക്കാള്‍ സുരക്ഷ ഉറപ്പു നല്‍കിക്കൊണ്ടാണ് ഹലോയെന്ന പേരില്‍ ഓര്‍ക്കുട്ടിന്റെ രണ്ടാം വരവെന്നും ഓര്‍ക്കുട്ട് ബുയോകോട്ടന്‍ ഉറപ്പുനല്‍കുന്നു.