കത്വ; എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും

ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തി ആവാത്ത ഒരാൾ അടക്കം എട്ട് പേരാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. പെൺകുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരൻ, സഞ്ജി റാം, ഇയാളുടെ ബന്ധു, കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനായ ദീപക് ഖജാരിയ, സുരേന്ദർ വർമ്മ, പർവേഷ് കുമാർ, വിശാൽ ജംഗോത്ര, പ്രായപൂർത്തി ആവാത്ത ഒരാൾ എന്നിവരാണ് പ്രതികൾ.പ്രായപൂർത്തിയാവാത്ത ആളുടെ വിചാരണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയും മറ്റുള്ള പ്രതികളുടെ വിചാരണ സെഷൻസ് കോടതിയിലും നടക്കും.

കേസിൽ തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശമായ കത്വയിൽ നിന്നും ബകർവാൾ ഗോത്രത്തെ പേടിപ്പിച്ച് ഓടിക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
വിചാരണക്കായി രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ കശ്മീർ സർക്കാർ നിയമിച്ചു. ഹിന്ദു മുസ്ലിം പ്രശ്നമായി കേസ് മാറാതിരിക്കാൻ സിഖ് മതത്തിൽ പെട്ട അഭിഭാഷകരെയാണ് കശ്മീർ സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിച്ചത്.
.
അതേസമയം ജമ്മു കശ്മീരിൽ വിചാരണ സമാധാനപരമായി നടക്കില്ലെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് പുറത്തുള്ള കോടതിയിൽ വിചാരണ നടത്തണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്.