മികച്ച എംഎൽഎയെ കോൺഗ്രസിന് വേണം; ശാന്തി നഗറിൽ എൻ എ ഹാരിസ് മൂന്നാം അങ്കത്തിന്

കർണാടക നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ശാന്തി നഗർ മണ്ഡലത്തിൽ എൻ എ ഹാരിസ് എംഎൽഎ മൂന്നാം അങ്കത്തിനിറങ്ങും. മലയാളിയും കാസർകോട് സ്വദേശിയുമായ എൻ എ ഹാരിസ് രണ്ട് തവണ ബംഗളൂരുവിലെ ശാന്തി നഗർ മണ്ഡലത്തിൽ നിന്നും കർണാടക നിയമസഭയിൽ എത്തിയിരുന്നു. ഇത്തവണ ബംഗളൂരു പൗരസമിതി മികച്ച എംഎൽഎയായി എൻ എ ഹാരിസിനെ തിരഞ്ഞെടുക്കുകയുണ്ടായി. എൻ എ ഹാരിസ് എംഎൽഎയുടെ മകൻ ഉൾപ്പെട്ട കേസിനെപ്പറ്റി ചോദ്യങ്ങൾ ഉയർന്നുവെങ്കിലും കേസും എംഎൽഎ എന്ന നിലയിൽ എൻഎ ഹാരിസിന്റെ പ്രവർത്തനങ്ങളും കൂട്ടികുഴക്കുന്നതിൽ അർത്ഥമില്ലെന്ന് ബംഗളൂരു പൗരസമിതി പ്രസ്താവിച്ചിരുന്നു.
ശാന്തി നഗറിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാർഥി ക്രിമിനൽ കേസുകളിലടക്കം പ്രതിയാണ്. എന്നാൽ എൻ എ ഹാരിസ് എംഎൽഎയുടെ പേരിൽ കേസുകൾ ഒന്നും ഇല്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ജനകീയതക്ക് കോട്ടം തട്ടിയിട്ടുമില്ല, ഇതാണ് ഹാരിസിന് വീണ്ടും സീറ്റ് നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും ദലിതുകളും ശക്തമായ മണ്ഡലമാണ് ശാന്തി നഗർ. എൻ എ ഹാരിസിനെ ഇറക്കിയതോടെ ഈസി വാക്കോവർ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

കാസർകോട് ജില്ലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായി ഉയർന്ന് വരുന്ന നാലപ്പാട് യുകെ മാളിന്റെ പാർട്ണർ കൂടിയാണ് എൻ എ ഹാരിസ്.