കേംബ്രിഡ്ജ് അനലിറ്റികയും ഇന്ത്യൻ രാഷ്ട്രീയ പതിപ്പുകളും

രാഷ്ട്രങ്ങളുടെ ആധിപത്യമനോഭാവത്തിന് അതിരുകളില്ല. അത് നേടിയെടുക്കാൻ അവലംബിക്കുന്ന രീതി രഹസ്യ സ്വഭാവവും സങ്കീർണവുമാകയാൽ പൊതുജന വിശകലനത്തിന് പാത്രീഭവിക്കുക ദുർലഭമാണുതാനും. എങ്കിലും ആധിപത്യം എന്നാൽ എന്ത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ആധുനിക പൗരന്മാരിൽ ഉണ്ട്. ആധിപത്യ വ്യാപനത്തിന് മിക്കവരും ഉപയോഗപ്പെടുത്തുന്ന ആയുധങ്ങളാണ് സൈനികശക്തി, ധനശക്തി, രാഷ്ട്രീയവും സാംസ്‌കാരികവുമായ ചിഹ്നങ്ങൾ മുതലായവ. ഇതിൽ ആധിപത്യം ചില രാജ്യങ്ങൾ മാരകശക്തി (Hegemoney as Hardpower) എന്ന നിലയിൽ ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ച് വരികയാണ്. സൈനിക ഇടപെടൽ നടത്തുക എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുവാൻ ആവശ്യമായ കരുനീക്കങ്ങളാണ് ഇത്തരത്തിൽ നടത്തുന്നത്. ആരുടെ മേലാണ് ആധിപത്യം സ്ഥാപിക്കേണ്ടത്, അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂടത്തെ ഒരു തട്ടിലും, ജനങ്ങളെ മറ്റൊരു തട്ടിലും പ്രതിഷ്ഠിച്ച് തന്ത്രങ്ങളും കുതതന്ത്രങ്ങളും ഒരുക്കിയാണ് വിവരശേഖരണങ്ങൾ നടത്തുക. ഇതിനായി പണ്ടുമുതലേ സ്വീകരിച്ചിരുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് സർവ്വേ. അതിലെ ചോദ്യാവലിയിലൂടെ ലഭ്യമാകുന്ന അറിവുകൾ, ചില നിലപാടുകൾ അറിയുന്നതിനും അതിനനുസരിച്ച് വിലയിരുത്തലുകൾ നടത്തുന്നതിനും പര്യാപ്തമാണ്. വിദേശത്തുനിന്നും ലഭ്യമായിരുന്ന ആനുകാലികങ്ങളിലൂടെയായിരുന്നു മുമ്പ് ഇത് സാധ്യമാക്കിയിരുന്നത്. ആധിപത്യമനോഭാവം ഘടനാപരമായി ശക്തി പ്രാപിച്ചതോടെ ഈ സാധ്യത പോരാതെയായി. അതിനായി പിന്നീട് രൂപപ്പെടുത്തിയതാണ് ചില പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള അക്കാദമിക് സിലബസ്സുകൾ. ലോകോത്തരമായ ഈ സിലബസ് പഠിച്ചെടുക്കുന്നതോടെ, ഇന്ത്യയെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രൊഫഷണലുകൾ ഇത് സ്വന്തം രാജ്യത്ത് പ്രാവർത്തികമാക്കാൻ ശ്രമം നടത്തും. ഇതിനു ലഭിക്കുന്ന സ്വീകാര്യതയെ അത്ര പെട്ടെന്ന് എതിർക്കാനോ, ചെറുക്കാനോ ഭരണകൂടങ്ങൾക്കോ പൗരന്മാർക്കോ സാധ്യമല്ലാതെവരും. ഇന്ത്യയിലെ നോട്ടു നിരോധനം അത്തരമൊരു അവസ്ഥയിലൂടെ കാണാവുന്നതാണ്. എതിർക്കണോ വേണ്ടയോ എന്ന് ആർക്കും നിശ്ചയമില്ലാത്ത അവസ്ഥ വന്നുപെട്ടത് അങ്ങനെയാണ്. അതിന്റെ മാസ്റ്റർ ബ്രെയിൻ ഇന്ത്യയിൽ വിരിഞ്ഞതാകാൻ സാധ്യതയില്ല. റിസർവ് ബാങ്ക് തലവൻ പറഞ്ഞത് ഇത്തരമൊരു തീരുമാനത്തിന് പിന്നി തന്റെ അഭിപ്രായം ഉണ്ടായിരുന്നില്ല എന്നാണ്. ധനനിർഗമനത്തെ (Cash Flow) ഒരു നിമിഷം നിർത്തിയാൽ ആ നിമിഷത്തെ സമയം കൊണ്ടോ, ധനം കൊണ്ടോ പരിഹരിക്കാനാവില്ല എന്ന സത്യത്തെ സൗകര്യപൂർവ്വം വിസ്മരിക്കാൻ ഇടയായത് ഏതോ ബാഹ്യശക്തികളുടെ ബോധപൂർവ്വമായ ഇടപെടൽ മൂലം തന്നെയാണ്. ഈ വിഷയത്തിൽ സിലബസിന്റെ ഉദാഹരണം പറയാം. 1900- അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിലാണ് ബിസിനസ്സ് കോഴ്‌സുകൾ ആരംഭിക്കുന്നത്. ലോകത്തെമ്പാടും അത് പടർന്നിരിക്കുന്നു. പഠിപ്പിക്കുന്നതാകട്ടെ അമേരിക്കാൻ സാമൂഹിക സാമ്പത്തിക മേൽക്കോയ്മ അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിലും. അമേരിക്കയുടെ ഘടനാപരമായ ആധിപത്യത്തെ ഉറപ്പിച്ച് നിർത്താൻ നമ്മുടെ യൗവ്വനം ദിവസവും കോട്ടും ടൈയും അണിയുന്നു എന്നു സാരം. വിവരസാങ്കേതിക വിദ്യയിലെ ആധിപത്യവും ചെറുതല്ല. 1960-ൽ അമേരിക്കയുടെ മിലിറ്ററി ഗവേഷണ പദ്ധതിയിലൂടെ നിലവിൽ വന്ന അർപാനെറ്റിൽ നിന്നാണ് ഇന്റർനെറ്റ് ആരംഭിക്കുന്നത്. ലോകം മുഴുവൻ ആ വല 24 മണിക്കൂറും കൺതുറന്ന് പ്രവർത്തിക്കുന്നു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റുകളാണ് നെറ്റ് പ്രവർത്തനത്തിന്റെ അടിസ്ഥാന ഭൂമിക. ലോക സമ്പദ്‌വ്യവസ്ഥയിൽ അമേരിക്കൻ വിഹിതം 25%വും, ലോകവാണിജ്യത്തിൽ 15%-വുമാണ്. ലോകത്ത് ഒരിടത്തും ആദ്യ മൂന്നിൽപ്പെടാത്ത ഒരു അമേരിക്കൻ സ്ഥാപനവുമില്ല. സ്വാധീനത്തിന്റെ മറ്റൊരു ഘടകത്തേയും പരിചയപ്പെടാം. അത് ഇപ്പറഞ്ഞ രീതിയിലുള്ള സമീപനത്തിനുപകരം മൃദുനയങ്ങൾ സ്വീകരിച്ചുള്ളവയാണ്. അതിലാണ് കേംബ്രിഡ്ജ് അനലിറ്റിക പോലുള്ള സ്ഥാപനങ്ങൾക്കുള്ള സ്ഥാനം.

തങ്ങൾ ഉദ്ദേശിക്കുന്ന മേഖലകളിൽ സമ്മതം ഉണ്ടാക്കിയെടുക്കൽ (Manufactured consent) ഒരു ആധിപത്യ രീതിശാസ്ത്രമാണ്. പ്രത്യയശാസ്ത്ര പരമായ വിഭവങ്ങൾക്കുമേൽ ഇവർ ചാർത്തി നൽകുന്ന തന്നിഷ്ടങ്ങൾ, അറിയാതെ തന്നെ നമ്മുടെ ആദർശത്തിൽ വിള്ളൽ വീഴ്ത്താൻ ഉതകുന്നവയാകും. അവർ നെയ്‌തെടുക്കുന്ന ജീവിതസങ്കൽപ്പങ്ങൾ, സ്വപ്നങ്ങളാക്കി ലോകത്ത് വിതരണം ചെയ്യുന്നു. ഈ ഉൽപ്പന്നത്തെ കൈക്കലാക്കാൽ ജീവിതലക്ഷ്യമായി കാണുന്ന ജനത അതിനുവേണ്ടി അണിനിരക്കുന്നു. സത്യത്തിൽ അത് സ്വന്തമാക്കാൻ നടത്തുന്ന തന്ത്രപ്പാടിൽ താൻ സ്വന്തമായി ഒരുക്കൂട്ടേണ്ട വിലപ്പെട്ട സ്വത്വപ്രതിഷ്ഠയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് അമേരിക്കയെ വെല്ലുവിളിച്ചിരുന്ന സോവിയറ്റ് നാടിനുണ്ടായ തകർച്ച. ആ നാട്ടിലെ ജനതയ്ക്കുമേൽ പ്രത്യയശാസ്ത്രവിമോചനമെന്ന ആശയം വിതയ്ക്കപ്പെട്ടത് നീല ജീൻസിലൂടെയായിരുന്നു. നീലജീൻസ് ധാരണം പുരോഗമനപരമാണ് എന്നവർ പ്രചരിപ്പിച്ചു. ചെറുപ്പക്കാർക്ക് അതൊരു പ്രലോഭനമായിരുന്നു. അവർ ജീൻസിനുവേണ്ടി കാത്തിരുന്നു. ഒരു വർഷത്തെ വരുമാനം സ്വരൂപിക്കണമായിരുന്നു ഒന്നോ രണ്ടോ ജീൻസിന്. അമേരിക്കയിൽ നിന്ന് കരിഞ്ചന്തയി ഈ സാധനം വൻതോതിൽ സോവിയറ്റ് നാട്ടിൽ ഇറങ്ങി. ആണും പെണ്ണും നല്ല ജീവിതത്തിന്റെ അടയാളമായി ജീൻസിനെ കണ്ടു. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രലോഭനങ്ങളെ സോവിയറ്റ് ജനതയ്ക്ക് മേൽ കടത്തിവിട്ടപ്പോൾ സോവിയറ്റ് യൂണിയൻ എന്ന രാജ്യം തന്നെ ഇല്ലാതെയായി. പെൺവസ്ത്രങ്ങളായ ലെഗ്ഗിൻസ്, പർദ്ദ തുടങ്ങിയവ സംബന്ധിച്ച അനുകൂല പ്രത്യനുകൂല സംവാദങ്ങൾ ഈ പശ്ചാതലത്തിൽ വേണം പരിശോധിക്കാൻ. മതദർശന സംബന്ധമായി ഉദ്‌ബോധനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഇത്തരം പശ്ചാത്തലങ്ങൾ ആഴത്തിൽ പരിശോധിക്കാതെയാണ്. ഇവിടെയാണ് ഫറൂഖ് കോളേജിന്റെ നിലപാടുകൾ ചരിത്രമാകുന്നത്. ഈ വിഷയങ്ങൾ മുൻപിൽ വെച്ച് വേണം കേംബ്രിഡ്ജ് അനലിറ്റിക, അഭിപ്രായ സർവ്വേ ഇന്ത്യയിലും നടത്തിയത് പരിശോധിക്കാൻ.

കേംബ്രിഡ്ജ് അനലിറ്റിക ലഭിക്കുന്ന വിവരം അനുസരിച്ച് കേരളത്തിലെ ‘ജിഹാദി’ റിക്രൂട്ട്‌മെന്റിനെക്കുറിച്ചും ‘ജിഹാദി’ പ്രസ്ഥാനങ്ങളോടുള്ള മലയാളികളുടെ പ്രതികരണമാണ് തേടിയത്. നിരീക്ഷണത്തിലൂടെ ജിഹാദിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനെതിരായാണ് പ്രചരണം നടത്തിയതെന്ന് ഔദ്യോഗിക ഭാഷ്യം. ഇതിലടങ്ങിയ ചതി വെളിപ്പെടുത്താം. 2007-ൽ ജിഹാദ് എന്ന പദം കേരളം ഉൾപ്പടെ മുസ്‌ലീങ്ങളെ ടാർജറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രചരിപ്പിക്കുക, ആ സംജ്ഞയെ, തുടർന്ന് തീവ്രവാദത്തിന്റെ പര്യായമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യം സമയബന്ധിതമായി പൂർത്തീകരിക്കുക. പതിനൊന്ന് വർഷം കൊണ്ട് അത് സാധ്യമായി എന്നതിന്റെ ഉദാഹരണമാണ് അടുത്ത സമയത്ത് ഹിന്ദുത്വ നേതാവ് കുമ്മനം രാജശേഖരൻ പയ്യന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ജിഹാദി – ചുവപ്പൻ നയങ്ങൾക്കെതിരെ നടത്തിയ യാത്ര. ശുദ്ധാർത്ഥമുള്ള ജിഹാദ് എന്ന പദത്തെ ജനസാമാന്യത്തിന് മുന്നി പ്രചരിപ്പിച്ചശേഷം അതിന്റെ അർത്ഥം ഇങ്ങനെ നികൃഷ്ഠമാണെന്ന് വിശദീകരിക്കുക. ആര്യസമാജ സ്ഥപകൻ ദയാനന്ദ സരസ്വതി 1890-ൽ ‘സത്യാർത്ഥ പ്രകാശ’ത്തിലും, സഹപ്രവർത്തകനായ ലേക്‌റാം തന്റെ ‘രിസാലെ ജിഹാദ്’ എന്ന ലഘുലേഖയിലും ഒരു നൂറ്റാണ്ട് മുൻപ് ജിഹാദ് എന്ന പദത്തെ തെറ്റായ രീതിയിൽ പരിവർത്തിപ്പിക്കുവാൻ ശ്രമിച്ചതിന്റെ വർത്തമാനകാല അനുരണനങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക ബോധമണ്ഡലത്തിലേക്ക്, ലൗ ജിഹാദ്, ജിഹാദ്, തീവ്രവാദം തുടങ്ങിയ പദങ്ങൾ കടന്നു വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. മലപ്പുറത്തെ ജനകീയ റോഡ് ഉപരോധത്തെ, തീവ്രവാദികളുടെ ചെയ്തി എന്ന് കമ്മ്യൂണിസ്റ്റ് നേതാവായ വി. വിജയരാഘവൻ ആരോപിക്കുമ്പോൾ സംഘപരിവാർ നിരന്തരമായി നടത്തുന്ന തീവ്രവാദ ആക്ഷേപത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ആടിനെ പട്ടിയാക്കൽ.

പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ കേരളത്തോളം ബൗദ്ധിക ഉയർച്ചയില്ലാത്ത ആളുകളുടെ ഇടയിൽ മൃദുല രീതിയിൽ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയ കുതതന്ത്രമാണ് ഇതിലുള്ളതെന്ന് വ്യക്തമായും മനസ്സിലാക്കാവുന്നതാണ്. ഇതേ സ്ഥാപനം തന്നെ 2007, 2011, 2012 വർഷങ്ങളിൽ യു.പി., ബീഹാർ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികൾക്കുവേണ്ടി പ്രവർത്തിച്ചു. സ്ഥാപനത്തിന്റെ മുൻ റിസർച്ച് ഡയറക്ടർ ക്രിസ്റ്റഫർ വൈലി പറയുന്നത് ഇതൊരു ‘ആധുനിക കൊളോണിയലിസ’മാണ് എന്നാണ്. ആത്യന്തികമായി ഇതിന്റെ വിവര ശേഖരണം ഇന്ത്യയ്ക്ക് പുറത്താണ് നടക്കുന്നത്. ഈ ശേഖരണത്തിന് നിയോഗിച്ചിട്ടുള്ള നൂറുകണക്കിന് ജീവനക്കാർക്ക് ആവശ്യമായ ശമ്പളം ഉൾപ്പടെയുള്ള വിഭവങ്ങൾ ഇന്ത്യയിൽ നിന്നു തന്നെ കണ്ടെത്താം. അതിനായി ധാരാളം രാഷ്ട്രീയ പാർട്ടികൾ നിന്നുകൊടുത്തിരിക്കുന്നു. സർവ്വേക്ക് പിന്നിൽ എന്ത് എന്ന ചിന്തയൊന്നും അവരെ അലട്ടുന്നില്ല. സഹായിക്കാനെന്ന വ്യാജേന എത്തുന്ന അമേരിക്കൻ പട്ടാളക്കാരെ സഹായം തേടുന്ന രാജ്യം തീറ്റിപോറ്റണം എന്ന തത്ത്വം, വിദേശ അഭിപ്രായ രൂപീകരണ ഏജൻസികളുടെ കാര്യത്തിലും ബാധകമാണെന്ന് കേംബ്രിഡ്ജ് അനലിറ്റിക നമ്മെ മനസ്സിലാക്കി തരുന്നു.

സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആസ്ഥാനം യു.എസ്. ആണ്. കാൺപൂരിൽ ടെറിറ്ററി ഓഫീസ് മാത്രം. ബാംഗ്ലൂരിലും ഓഫീസ് ഉണ്ട്. നിലവിൽ ഇന്ത്യയിലെ 600 ജില്ലകളുടെയും ഏഴ് ലക്ഷം ഗ്രാമങ്ങളുടെയും സമ്പൂർണ്ണ വിവര ശേഖരണമാണ് അവർ നടത്തിയിട്ടുള്ളത്. കാര്യക്ഷമതയോടെ ഇത്രയും വിവരങ്ങൾ സർക്കാർ പക്കൽ പോലുമില്ല. മാത്രമല്ല സർക്കാർ ശേഖരിക്കേണ്ടതായ വിവരങ്ങൾ കൂടി അവർ സ്വന്തമാക്കിയിരിക്കുന്നു. പൗരന്മാരുടെ സംഘടിത ശക്തിയും ദേശക്കാരും എത്രമാത്രം ദൃഢമാണെന്നോ, ദുർബലമാണെന്നോ അറിയാൻ നടത്തുന്ന ഉദ്ദേശശുദ്ധി ഇല്ലാത്ത ശ്രമം. ദൃഢമാണെങ്കിൽ ദുർബലമാക്കാനും, ദുർബലമായിടത്ത് അഭിപ്രായം സമന്വയിപ്പിച്ച് രാജ്യവിരുദ്ധമാക്കാനും ശ്രമിക്കില്ല എന്ന് പറയാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ ഇന്ത്യൻ നയങ്ങൾ സ്വാധീനിക്കുന്നതിന് പകരം ഒരു വൈദേശിക ഏജൻസിയുടെ ആശയപരമായ സ്വാധീനം കെട്ടിയിറക്കുക എന്നത് എത്രമാത്രം ആശ്വാസകരമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളോ, മറ്റ് കമ്പനികളോ ഈ കമ്പനി (സി.എ.)യുടെ സേവനം തേടി വരികയാണ്. സേവനത്തിൽ ഉള്ളത് വിവരശേഖരണം മാത്രമല്ല മറിച്ച് അഭിപ്രായം തങ്ങൾക്ക് അനുകൂലമായി മാറ്റാനുള്ള തന്ത്രം കൂടിയാണ്. അതിനാൽ വരിക്കാർക്ക് (Subscribers) അനുകൂലമായി വോട്ട് ഉറപ്പിക്കാനുള്ള സർവ്വ സംവിധാനവും അവർ പ്രയോഗിക്കും. കഴിഞ്ഞ ദിവസം കോബ്രാപോസ്റ്റ് ഓൺലൈൻ പോർട്ട പുറത്തുവിട്ടത് മാധ്യമ മുതലാളിമാരുടെ ധനാർത്തി നിറഞ്ഞ മനസ്സാണല്ലോ. ഹിന്ദുത്വ അജണ്ട ബോധപൂർവ്വം അടിച്ചേൽപ്പിക്കാൻ തയ്യാറാണെന്നും അതിനായി ദേശീയ നേതാക്കളെ വ്യക്തിഹത്യ നടത്താൻ പോലും സമ്മതമാണെന്നായിരുന്നു മാധ്യമ തമ്പുരാക്കൾ പറഞ്ഞത്. ദൈനിക് ജാഗരൺ, അമർ ഉജാല, പഞ്ചാബ് കേസരി, ഡി.എൻ.എ., ഇന്ത്യാ ടി. വി., ഹിന്ദി ഖബർ, സബ് ടി.വി., യു.എൻ.ഐ., സമാചാർ പ്ലസ്, സ്വതന്ത്ര ഭാരത്, ഇന്ത്യാ വാച്ച്, ആജ്, സാധ്‌ന, പ്രൈം ന്യൂസ് തുടങ്ങിയവരാണ് വർഗീയ കലാപത്തിനുൾപ്പടെ കൂട്ടു നിൽക്കാമെന്ന് സമ്മതിച്ച് പണം ആവശ്യപ്പെട്ടത്. കൂടുതൽ വിവരങ്ങൾ കോബ്രാപോസ്റ്റ് പുറത്ത് വിടാനുണ്ട്.

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ ആവശ്യമായ സാങ്കേതിക വിദ്യ നമ്മുടെ കൈവശമില്ല. സ്വകാര്യമെന്ന് വിശ്വസിക്കുന്ന, രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ വിവരങ്ങൾ പണത്തിന് വേണ്ടി കൈമാറാനും, ശേഖരിക്കുന്ന ഏജൻസികൾക്ക് മടി കാണില്ല. പുറത്തറിഞ്ഞാലും സാങ്കേതിക പിഴവ് എന്ന് പറഞ്ഞ് തടി തപ്പാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പും, കോൺഗ്രസ്സിന്റ യു.യു.എൻ.എ. ആപ്പും പിൻവലിച്ചതും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ കുറ്റസമ്മതവും ഈ പശ്ചാത്തലത്തിലാണ്.

ഇവിടെ സുരക്ഷാ ചോർച്ചാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിസ്ഥാനത്താണ്. എന്തെന്നാൽ രാജ്യത്തിന്റെ വിവരങ്ങൾ നമ്മെ അസ്ഥിരപ്പെടുത്താൻ തക്കവിധമുള്ളവ നമ്മുടെ തന്നെ ഏറെക്കുറെ അറിവോടെ ചിലർ ചോർത്തിയിരിക്കുന്നു. ആഭ്യന്തരമായ അന്തഃഛിദ്രങ്ങൾക്ക് വഴിവെയ്ക്കാൻ തക്കവിധം ആസൂത്രണം ചെയ്യപ്പെട്ട വിവരശേഖരണമാണ് നടന്നിട്ടുള്ളത്. ഈ വിവരത്തെ അടിസ്ഥാനമാക്കി ആസൂത്രണം ചെയ്യപ്പെടുന്ന ചെയ്തികൾ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും എന്നതിൽ സംശയിക്കാനില്ല. ഇന്ത്യൻ സുരക്ഷാ നിയമത്തിന്റെ ലിഖിത നിയമങ്ങൾ നാലെണ്ണമാണ്. ഒന്ന് – യുദ്ധം തടയുക, രണ്ട് – യുദ്ധം പരിമിതപ്പെടുത്തുക അല്ലെങ്കി അവസാനിപ്പിക്കുക, മൂന്ന് – ശക്തി സംന്തുലനം ഉണ്ടാക്കുക, നാല് – സഖ്യനിർമ്മാണം നടത്തുക. ഇതി നാലിനും കഴിയാത്ത രീതിയിലേക്ക് ഇന്ത്യ വന്നിരിക്കുന്നു. സുരക്ഷാചോർച്ച ഇങ്ങനെയാണ് ഭീഷണിയിലേക്ക് നീങ്ങുക. യുദ്ധം എന്നത് അതിർത്തിയിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നതും ഇതോടെ കൂട്ടി വായിക്കുക.

സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ, പ്രതികരണങ്ങൾ, വിശകലനങ്ങൾ തുടങ്ങിയവ എപ്രകാരം സ്വീകരിക്കണം എന്നതിനെക്കുറിച്ച് ലോകമെങ്ങും ആശങ്ക പരന്നിരിക്കുന്നു. ‘സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ബഹുകാതം സഞ്ചരിച്ചു കഴിഞ്ഞിരിക്കും’ എന്ന ചൊല്ല് അന്വർത്ഥമാണ്. പല മാധ്യമ ഏജൻസികളും പി.ആർ. (Public Relations) എന്നതിൽ നിന്ന് പി.ഒ.സി. (Public Opinion Creations) എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ദൃശ്യദൃഢതയോടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന വിവരത്തെ തള്ളണോ കൊള്ളണോ എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. സാഹചര്യങ്ങളും സന്ദർഭങ്ങളും അനുസരിച്ച് പ്രാദേശികമായും ദേശീയമായും സൃഷ്ടിക്കപ്പെടുന്ന ലോലവികാരങ്ങളെ ഉണർത്താൻ പര്യാപ്തമായതെന്തും നിർമ്മിച്ചെടുക്കാൻ ഇപ്പോൾ എളുപ്പമാണ്. ഇവിടെ കേംബ്രിഡ്ജ് അനലിറ്റക്കായുടെ വിൽപ്പനചരക്ക് നമ്മളാണ്. അഥവാ നമ്മെയാണ് അവർ സാമർത്ഥ്യത്തോടെ വിൽക്കുന്നത്. വ്യാജ വാർത്തകൾ പടയ്ക്കുന്നതിന് ഇത്തരം കമ്പനികൾക്ക് ഗവേഷണ തുല്യമായ ഉപസ്ഥാപനങ്ങളുണ്ട്. ബി.ജെ.പി.യ്ക്കുവേണ്ടി കർണ്ണാടകയിൽ വ്യാജ വാർത്തയും ദൃശ്യവും പ്രചരിപ്പിച്ച പോസ്റ്റ്കാർഡ് ന്യൂസ് എന്ന ഓൺലൈൻ സ്ഥാപനാധികൃതരെ അറസ്റ്റ് ചെയ്തത് അടുത്ത സമയത്ത് വാർത്തയായിരുന്നു. വ്യാജ വാർത്തയെ പിന്തുർന്ന് വേട്ടയാടുന്ന (Fake News Busters) www.altnews.in പോലെയുള്ള ഏജൻസികളെ പ്രോത്സാഹിപ്പിച്ചാൽ നെല്ലും പതിരും വേർപെടുത്തി ജനാധിപത്യത്തെ രക്ഷിക്കാം

ഏതു രാജ്യത്തെയും തെരഞ്ഞെടുപ്പ് കാലത്തെ സുവർണ്ണാവസരമായാണ് സർവ്വേ-മാധ്യമ വിശകലന സ്ഥാപനങ്ങൾ കാണുന്നത്. കേംബ്രിഡ്ജ് അനലിറ്റികയുടെ ഇന്ത്യൻ പങ്കാളിയായ ഓവ്‌ലനോ ബിസിനസ് ഇന്റലിജൻസ് 2014-ലെ പൊതു തെരഞ്ഞെടുപ്പിൽ ‘നന്നായി ജോലി ചെയ്തു’ എന്ന ആരോപണമാണ് ഇപ്പോൾ രാജ്യത്ത് അലയടിക്കുന്നത്. വോട്ടർമാരുടെ ഫെയ്‌സ്ബുക്ക് വിവരങ്ങൾ ഇതിനായി ഉപയോഗിച്ചു എന്ന ആരോപണപ്രത്യാരോപണങ്ങൾക്കിടയിൽ നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഇവർ മന:ശാസ്ത്ര വിദഗ്ധരെ ഉപയോഗപ്പെടുത്തി നമ്മുടെ മാനസിക ഭാവത്തിന് മാറ്റം വരുത്താൻ മാത്രം കരുത്തള്ളവരാണ് എന്നാണ്. 1993- നിഗേ ഓയക്‌സ് എന്ന ബ്രിട്ടൺകാരൻ സ്ഥാപിച്ച സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ ലാബോറട്ടറി (എസ്.സി.എൻ.) യു.എസ്. മിലിറ്ററിക്കുവേണ്ടി അഫ്ഗാനിസ്ഥാനിൽ താലിബാൻ വിരുദ്ധതയ്ക്കായി മനഃശാസ്ത്രയുദ്ധം നയിച്ചിരുന്നുവെന്ന് അതിന്റെ മുൻ സി.ഇ.ഒ. അലക്‌സാണ്ടർ നിക്‌സ് വെളിപ്പെടുത്തുകയുണ്ടായി. സൈന്യത്തിന്റെ നേരിട്ടുള്ള സഹായമുള്ള ഒരു സർവ്വേ-സ്ഥാപനത്തിന് നിലപാടുകളെ അനുകൂലമാക്കുവാൻ എന്താണ് കാട്ടികൂട്ടാനാകാത്തത്. ഇന്ത്യയി അത്തരമൊരു യുദ്ധം (Psychological War) യഥാർത്ഥത്തിൽ തുടങ്ങി കഴിഞ്ഞു. സമ്മതിദായകന്റെ സ്വഭാവത്തെ കൂട്ടത്തോടെ വഴിമാറ്റി വിടാനുള്ള തന്ത്രങ്ങൾ മിനിറ്റിനകം ലഭിക്കും. ചോർച്ചയെന്നാണ് സാങ്കേതിക പദം എങ്കിലും വ്യാഖ്യാനം ആ പദപരിധിയിൽ ഒതുങ്ങുന്നില്ല. കമ്പ്യൂട്ടറിന്റെ കൃത്രിമബുദ്ധിയിലേക്ക് (Artificial Intelligence) ഡാറ്റകൾ സന്നിവേശിപ്പിക്കാൻ വേണ്ട താമസമേ വേണ്ടൂ. പ്രതിസന്ധിയെ അതിജീവിക്കാൻ വേണ്ട സാങ്കേതിക സംവിധാനങ്ങൾ നമുക്ക് ഉപയോഗപ്പെടുത്തേണ്ടിവരും. ഇന്ത്യൻ രാഷ്ട്രീയ കളത്തിൽ ബി.ജെ.പി. വേട്ടക്കാരും, ബഹുഭൂരിപക്ഷം വരുന്ന പൗരന്മാർ ഇരകളുമായിരിക്കെ, ഈ ജാഗ്രതയ്ക്ക് മാനവും ആഴവും കൂടുതലാണ്.

സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കാതെ സമൂഹത്തിന് മുമ്പോട്ട് പോവുക സാധ്യമല്ല. ഇതിന്റെ ഉപയോക്താക്കൾ അവർ നൽകുന്ന അറിവിന് അടിമകളാകരുത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ മികച്ച വായനയിലൂടെ സാധ്യമാകും. പുസ്തകങ്ങളെ സൂക്ഷിച്ച് തെരഞ്ഞെടുത്ത് വായിച്ചാൽ ലഭ്യമാകുന്ന മികച്ച അറിവ്, കൗടില്യ തന്ത്രങ്ങളെ അതിജീവിക്കാൻ സജ്ജമാക്കും. സ്വയം മാറ്റത്തിലൂടെയല്ലാതെ അധിനിവേശ ശക്തിയെ പരാജയപ്പെടുത്താൻ ആകില്ല. ജനങ്ങളുടെ മനോഭാവം മാറിയാൽ അത് മനസ്സിലാക്കുന്ന ആപ്ലിക്കേഷൻ സൃഷ്ടാക്കൾക്ക് (App Developers) മറ്റു വഴി തിരിഞ്ഞുപോകേണ്ടി വരും. ഉറച്ച ജനാധിപത്യ-മതേതരത്വ രാജ്യത്തിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിന് അത് അനിവാര്യമാണ്.

കടപ്പാട്…(ചന്ദ്രിക)