“സോഷ്യൽമീഡിയ ഹർത്താലിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരല്ല”

കാശ്മീര്‍ കത്വ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച്‌ സോഷ്യൽമീഡിയ ആഹ്വാനത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലില്‍ ബി.ജെപിക്കോ ആര്‍.എസ്.എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം. ഇവര്‍ക്ക് ആരൊക്കെ പണം നല്‍കിയെന്നും അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ ഇന്ന് അറസ്റ്റിലായിരുന്നു. ആര്‍എസ്‌എസ് വിട്ട് മറ്റ് ശിവസേനയിലേക്ക് ചേക്കേറിയവരാണ് അറസ്റ്റിലായത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കുമ്മനം വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്.

കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് സംഘടനാ ബന്ധമുള്ളവര്‍ അറസ്റ്റിലാകുന്നത്. നേരത്തേ ഹര്‍ത്താല്‍ അക്രമം നടന്ന താനൂരിലും തിരൂരിലും കുമ്മനം സന്ദര്‍ശനം നടത്തിയിരുന്നു. ഹര്‍ത്താല്‍ നടന്ന മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്ബ് സംഘടിപ്പിക്കണം എന്നാണ് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ഇന്നലെ ആവശ്യപ്പെട്ടത്.