കേരളാ പൊലീസിന് തല്ലിക്കൊല്ലാനും ഉരുട്ടിക്കൊല്ലാനും മാത്രമേ അറിയൂ; ചികിത്സക്ക് വന്ന വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഹണി റോസ് ഫേസ്ബുക്കിലിട്ട കുറിപ്പ് ശ്രദ്ധേയമാവുന്നു

കേരളത്തിൽ ചികിത്സക്ക് വന്ന വിദേശ വനിതയുടെ മൃതദേഹം പത്തനംതിട്ട തിരുവല്ലയിൽ കണ്ടൽ കാടിനുള്ളിൽ നിന്നും കണ്ടെടുത്ത സംഭവത്തിൽ നടി ഹണി റോസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. നമ്മുടെ പൊലീസിന് നിരപരാധികളെ അടിച്ച് കൊല്ലാൻ മാത്രമേ അറിയൂ. കാണാതായവരെ അവരുടെ ബന്ധുക്കൾ തന്നെ കണ്ടെത്തണം, ഹണി റോസ് വികാരാധീനനായി.

കിഴക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയ സ്വദേശിനി ലീഗയുടെ മൃതദേഹമാണ് പുഴയോരത്ത് കണ്ടൽ കാട്ടിനുള്ളിൽ തലയറ്റ രീതിയിൽ കണ്ടെടുത്തത്. ഭർത്താവിനൊപ്പം വിഷാദരോഗത്തിന് ആയുർവേദ ചികിത്സ തേടിയാണ് ഇവർ കേരളത്തിൽ വന്നത്. കേരളത്തിലെത്തിയ ശേഷം ലിഗയെ കാണാതാവുകയായിരുന്നു. തുടർന്ന് ലിഗയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് സമയബന്ധിതമായി പ്രവർത്തിച്ചില്ല എന്ന് ലിഗയുടെ ഭർത്താവ് ആരോപിച്ചു.

ഹണി റോസ് ഫേസ്ബുക്കിലിട്ട കുറിപ്പ് വായിക്കാം

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ.

ലിഗ വിദേശിയാണ്.. അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവര്‍ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആള്‍ക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താലില്ല, ചാനല്‍ ചര്‍ച്ചയില്ല.

അയര്‍ലണ്ടില്‍ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭര്‍ത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവര്‍ക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റര്‍ ലിഗയുടെ ഭര്‍ത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോയപ്പോള്‍ പോലീസ്‌കാര്‍ പറഞ്ഞ മറുപടി വിചിത്രമാണ്.

‘നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല’. വാരാപ്പുഴ പിന്നെ ഈ നാട്ടില്‍ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങള്‍ക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്