എന്തുകൊണ്ട് താൻ മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ചെയ്തില്ല, സംവിധായകൻ ജയരാജ് വ്യക്തമാക്കുന്നു

മോഹന്‍ലാലിന്റെ മനസ്സിനെ വിഷമിപ്പിച്ച രഹസ്യവുമായി ജയരാജ് .ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടി മലയാളസിനിമയുടെ അഭിമാനമുയര്‍ത്തിയ സംവിധായകന്‍ പക്ഷെ ഇതുവരെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ചെയ്തിട്ടില്ലാത്തതിന്റെ രഹസ്യവുമായി ജയരാജ്.

ഞാനും മോഹന്‍ലാലുമൊത്തൊരു ചിത്രം ഇപ്പോള്‍ എന്റെ ആഗ്രഹമാണ്. ഞങ്ങള്‍ ഒന്നിച്ചാല്‍ മികച്ച ചിത്രമുണ്ടാകും എന്നുറപ്പാണ്. പക്ഷേ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്. ദേശാടനത്തിന് ശേഷം മോഹന്‍ലാലിന്റെ കമ്ബനി എനിക്കൊരു സിനിമ ഓഫര്‍ ചെയ്ത് വന്നു. ആ സമയത്ത മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരുന്നു എന്റെ മനസില്‍ , മോഹന്‍ലാല്‍ നായകന്‍. ചിത്രത്തിനുള്ള കാര്യങ്ങളൊക്കെ ഒരുങ്ങി. പാട്ട് റെക്കോഡ് ചെയ്തു. വസ്ത്രങ്ങള്‍ വാങ്ങി.

പക്ഷെ എന്റെ തെറ്റുമൂലം ആ സിനിമ നടക്കാതെ പോയി. എന്റെ ജീവിതം പ്രത്യേകമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയായിരുന്നു.അതൊരു ക്ഷെ അദ്ദേഹത്തിന്റെ മനസ്സില്‍ വിഷമമുണ്ടായിക്കിയിട്ടുണ്ടാകാം. പിന്നീട് ഞാന്‍ അദ്ദേഹത്തെ സമീപിച്ച്‌ പല സിനിമകളുടെ തിരക്കഥ നല്‍കിയിട്ടും മുന്നോട്ട് പോയില്ല.

കുഞ്ഞാലിമരക്കാരുടെ തിരക്കഥ ഞാന്‍ മോഹന്‍ലാലിന് നല്‍കി. ഏകദേശം മൂന്നുവര്‍ഷത്തോളം അദ്ദേഹം അത് കയ്യില്‍വെച്ചു. തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല. വീരം സിനിമയുടെ മുഴുവന്‍ തിരക്കഥ സ്‌കെച്ചുകളായി നല്‍കി. അദ്ദേഹം നോക്കി, ‘ഇതൊക്കെ എങ്ങനെയാണ്, പ്രാക്ടിക്കല്‍ ആകുമോ’ എന്ന് ചോദിച്ചു. പലപ്പോഴും ഞാന്‍ സമീപിക്കുമ്ബോഴും ലാഘവത്തോടെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരുന്നത്. ഒരുപക്ഷേ ആ വേദനയാകാം കാരണം.

ആ സിനിമയുടെ ലൊക്കേഷന്‍ വരെ തീരുമാനിച്ച്‌ ചിത്രീകരണത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ നേരത്താണ് അത് വേണ്ടെന്ന് വെയ്ക്കുന്നത്. അതില്‍ നിന്നും ഞാന്‍ പിന്മാറേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അന്ന് അദ്ദേഹം കുടുംബവുമായി സൗത്ത് ആഫ്രിക്കയില്‍ എവിടെയോ യാത്രയിലായിരുന്നു. അത് റദ്ദാക്കി അദ്ദേഹം മാത്രം മടങ്ങിവരുകയായിരുന്നു, ഈ സിനിമയില്‍ അഭിനയിക്കാന്‍.

ഇവിടെ വരുമ്ബോഴാണ് ഈ സിനിമ ഉപേക്ഷിച്ച വിവരം മോഹന്‍ലാല്‍ അറിയുന്നത്. ഒരു ചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചൊള്ളൂ, ‘നേരത്ത് ഒന്ന് പറയായിരുന്നില്ലേ?’..അത് നമ്മുടെ ഭാഗത്തുണ്ടായ തെറ്റാണ്. അത് മനസ്സിലിപ്പോഴും സൂക്ഷിക്കുന്നതുകൊണ്ടാകാം പ്രോജക്ടുകള്‍ നടക്കാതെ പോകുന്നത്. പക്ഷേ അതുകൊണ്ട് സംഭവിക്കുന്നത് മലയാളത്തിലെ ഒരു മികച്ച സിനിമ നഷ്ടപ്പെടുകയാണ്. അദ്ദേഹം തയ്യാറാണെങ്കില്‍ ഞാന്‍ തയ്യാറാണ്. കാരണം അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മികച്ച സിനിമയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്‌