കോണ്‍ഗ്രസ് സംസ്‌കാരം അവസാനിക്കാതെ രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ല, സമൂഹത്തെ വിഭജിക്കുന്നത് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും; ആരോപണവുമായി മോദി

സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതിനായി നുണ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദേശ ഏജന്‍സികളെ വാടകക്കെടുക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുമായും സംസ്ഥാന ഭാരവാഹികളുമായും ‘നരേന്ദ്ര മോദി ആപ്പി’ലൂടെ സംവദിക്കവെയാണ് മോദിയുടെ ആരോപണം.

”അവരുടെ പ്രവൃത്തിയെ കുറിച്ച് അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. സമൂഹത്തെ വിഭജിക്കുന്നത് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. മുഖ്യധാരയില്‍ നിന്ന് കോണ്‍ഗ്രസ് സംസ്‌കാരം അവസാനിക്കുന്നത് വരെ രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ല”, പ്രധാനമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ് സംസ്‌കാരം അവസാനിക്കാതെ രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ല. കോണ്‍ഗ്രസിന്റെ നുണകളില്‍ വീഴരുത്. കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മതപരമായ രീതിയില്‍ സമൂഹത്തെ വിഭജിക്കുന്നതില്‍ മാത്രമാണ്. ജനങ്ങളുമായുള്ള ആശയവിനിമയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം- മോദി സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പിന് മുമ്പ് ചില സമുദായങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്യുകയും തെരഞ്ഞെടുപ്പിന് ശേഷം അവരെ മറക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെന്നും മോദി കുറ്റപ്പെടുത്തി.