‘അവളുടെ രക്തം വേണം’; കത്വ സംഭവത്തിൽ ബിജെപിക്കെതിരായ പോസ്റ്റിനെ അനുകൂലിച്ച ദീപ നിശാന്തിനെതിരെ കൊലവിളിയുമായി ബിജെപി പ്രവർത്തകർ 

കൊച്ചി: കത്വ സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്റിനെ അനുകൂലിച്ചതിനെ തുടർന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ കൊലവിളിയുമായി ബിജെപി പ്രവർത്തകർ രംഗത്ത്. രമേശ് കുമാര്‍ നായര്‍ എന്ന ബിജപി പ്രവര്‍ത്തകന്റെ ഫേസ്‌‌ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ഉണ്ടായത്.

അവളുടെ രക്തം കൂടി വേണം. ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച്‌ പോകുകയാണ്- അയാള്‍ പോസ്റ്റില്‍ പറയുന്നു. കൂടാതെ ഇയാളിയുടെ കൊലവിളിയിൽ പിന്തുണ അറിയിച്ച് ബിജെപി നേതാവായ ബിജു നായര്‍ എന്നയാലും രംഗത്തെത്തി. ‘അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ്’ എന്ന കമന്റാണ് അയാളുടെ അക്കൗണ്ടിൽ നിന്നും വന്നത്.

കത്വയിൽ എട്ട് വയസ്സുകാരി കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ എഴുതിയ പോസ്റ്റിനെ അനുകൂലിച്ചായിരുന്നു ദീപ നിഷാന്ത് രംഗത്തെത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് രമേഷ് കുമാറും ബിജു നായരും ദീപാ നിശാന്തിനെതിരെ കൊലവിളിയുമായി രംഗത്തെത്തിയത്.

സംഭവം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ന്യായീകരണവുമായി ബിജു നായര്‍ രംഗത്തെത്തി. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയുള്ള കമന്റാണ് പ്രചരിക്കുന്നതെന്ന് ബിജു നായർ വിശദീകരിച്ചു. എന്നാല്‍ രമേഷ് കുമാറിന്റെ പോസ്റ്റിന്റെയും ബിജു നായരുടെ കമന്റിന്റെയും സ്‌ക്രീന്‍ഷോട്ടുകളുമായി നിരവധിപേര്‍ എത്തിയതോടെ ഇയാള്‍ക്ക് മറുപടി ഇല്ലാതെയായി.