മദ്രസ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി അറസ്റ്റിൽ, പ്രതിയെ കുടുക്കിയത് കാമുകന്റെ സഹായത്തോടെ

മദ്രസ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി അറസ്റ്റിൽ. താനൂര്‍ മഠത്തില്‍ റോഡ്‌ എടക്കാമഠത്തില്‍ സജ്‌ന(27)യാണ്‌ താനൂര്‍ റെയില്‍വേ ഗേറ്റിന്‌ സമീപത്തു നിന്നും തിരൂരങ്ങാടി പൊലിസിന്റെ പിടിയിലായത്‌. പാണ്ടിമുറ്റത്തെ ബേക്കറിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പ്രതിയെ കണ്ടെത്താന്‍ സഹായകമായി. കയ്യില്‍ നിന്നും കാണാതായ സ്വര്‍ണാഭരണം താനൂര്‍ ഡിസൈനര്‍ ജ്വല്ലറിയില്‍ 16,500 രൂപക്ക്‌ വില്‍പ്പന നടത്തിയതായി പൊലീസ്‌ കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ മദ്രസാ ബാഗ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ കാട്ടില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെ.എല്‍ 55 ഡബ്‌ള്യു 7436 സ്‌കൂട്ടര്‍ പൊലിസ്‌ കസ്‌റ്റഡിയിലെടുത്തു.

പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലും കുട്ടിയെ കൊണ്ടുപോയ സ്‌ഥലങ്ങളിലും ഇന്നലെ തെളിവെടുപ്പ്‌ നടത്തി. പാണ്ടിമുറ്റത്തെ ബേക്കറിയില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ചിത്രം ലഭിച്ചതോടെ ചെമ്മാട്‌ കൊടിഞ്ഞി റോഡിലെ വീട്ടില്‍ മുമ്ബ്‌ ജോലി ചെയ്‌തതായി ബോധ്യപ്പെട്ടു. പൊലീസ്‌ ഇവിടെ നിന്നും നമ്പർ ശേഖരിച്ച്‌ സജ്‌നയുടെ കാമുകന്‍ മുഖേന വലയൊരുക്കുകയായിരുന്നു.