ദക്ഷിണകൊറിയക്കൊപ്പമെത്തണം, ഉത്തരകൊറിയ സമയം അരമണിക്കൂർ മുന്നോട്ടാക്കുന്നു

ദക്ഷിണ കൊറിയയ്‌ക്ക്‌ ഒപ്പമെത്താന്‍ തങ്ങളുടെ സ്‌റ്റാന്‍ഡേഡ്‌ സമയം അരമണിക്കൂര്‍ മുന്നോട്ടാക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചു.
2015 വരെ ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും സ്‌റ്റാന്‍ഡേഡ്‌ സമയം ഒന്നായിരുന്നു. എന്നാല്‍, 2015-ല്‍ സ്‌റ്റാന്‍ഡേഡ്‌ സമയത്തില്‍നിന്ന്‌ 30 മിനിട്ട്‌ ക്ലോക്ക്‌ പിന്നോട്ടാക്കാന്‍ ഉത്തര കൊറിയ തീരുമാനിക്കുകയായിരുന്നു. സ്‌റ്റാന്‍ഡേഡ്‌ സമയത്തിലേക്കു തിരിച്ചവരാമെന്നു കഴിഞ്ഞ 27-നു നടന്ന കൊറിയന്‍ ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ്‌ ഉന്‍ ഉറപ്പുനല്‍കിയിരുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ. റിപ്പോര്‍ട്ട്‌ ചെയ്‌തു. രണ്ടു സമയങ്ങള്‍ കാണിക്കുന്ന ക്ലോക്കുകള്‍ ഉച്ചകോടിവേദിയില്‍ കണ്ടത്‌ വേദനാജനകമാണെന്നു കിം പറഞ്ഞതായും കെ.സി.എന്‍.എ. റിപ്പോര്‍ട്ട്‌ ചെയ്‌തു.
സ്‌റ്റാന്‍ഡേഡ്‌ സമയത്തിലെ മാറ്റം ഈ മാസം അഞ്ചുമുതല്‍ നിലവില്‍വരും.
ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന്‌ ഉത്തര കൊറിയന്‍ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കി.