വിജയിയെ തനിക്ക് ഇഷ്ടമാണ് എന്നാൽ അജിത്തിന്റെ സ്വഭാവം ഇഷ്ടമല്ല; വിശാലിന്റെ അഭിപ്രായം വിജയ് അജിത് ആരാധകര്‍ തമ്മിലുള്ള യുദ്ധത്തിന് തിരികൊളുത്തി

തലയ്‌ക്കെതിരെ നടന്‍ വിശാല്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനം വൻ വിവാദത്തിലേക്ക് നയിച്ചു. വികടന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശാലിന്റെ വിവാദ അഭിപ്രായം. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ ചിത്രം കാണിച്ച് അവരിൽ വിശാലിന് ഇഷ്ടപ്പെടാത്തത് എന്താണെന്ന് പറയാൻ അഭിമുഖം നടത്തിയ ആള്‍ ആവശ്യപ്പെട്ടു. ആദ്യമായി ദളപതി വിജയിയുടെ ചിത്രമായിരുന്നു വിശാലിന് കാണിച്ചത്.

എന്നാല്‍ വിജയില്‍ തനിക്ക് ഇഷ്ടമില്ലാത്തതായി ഒന്നും തോന്നിയിട്ടില്ലെന്നും വിജയിനെ തനിക്കൊരുപാട് ഇഷ്ടമാണെന്നുമായിരുന്നു വിശാലിന്റെ മറുപടി. ‘നല്ല ആത്മ വിശ്വാസത്തിനുടമയാണ് വിജയ്. അദ്ദേഹത്തിന്റെ മൗനം ഒരുപാട് വാക്കുകള്‍ക്ക് തുല്യമാണ്. എന്നിരുന്നാലും ഒരുപാട് വിമർശനങ്ങൾ വിജയ്‌ക്കെതിരെ ഉയർന്നിട്ടുണ്ട്. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ജോലി തന്നെ നിർത്തിപ്പോയേനെ. പക്ഷെ, അതിനെയെല്ലാം മറികടന്ന് സൂപ്പർ സ്റ്റാർ ആയാണ് വിജയ് ഇന്ന് നില്‍ക്കുന്നത്. അദ്ദേഹത്തിൻറെ ആത്മവിശ്വാസത്തെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിൽ എനിക്ക് ഇഷ്ടമല്ലാത്തതായ് ഒന്നും തന്നെയില്ല- വിശാൽ അഭിപ്രായപ്പെട്ടു.

പിന്നീട് കാണിച്ചത് തല അജിത്തിന്റെ ചിത്രമായിരുന്നു. അജിത്തില്‍ തനിക്കിഷ്ടമില്ലാത്ത ഒരേയൊരു കാര്യം ആവശ്യ സമയത്ത് അജിത് ലഭ്യമാകില്ല എന്നതാണെനന്നായിരുന്നു വിശാലിന്റെ മറുപടി. ‘വേണ്ട സമയത്ത് അജിത് ഒരിക്കലും ലഭ്യമാകില്ല. അതാണ് എനിക്ക് ഇഷ്ടമില്ലാത്തത്. ഞാന്‍ ഇക്കാര്യം അദ്ദേഹത്തിന്റെ പി.ആര്‍.ഒ സുരേഷ് ചന്ദ്രയോട് പറഞ്ഞിട്ടുമുള്ളതാണ്. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അജിത്തിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഈ സ്വഭാവം എനിക്ക് ഇഷ്ടമല്ല‘- വിശാൽ പറഞ്ഞു.

വിശാലിന്റെ ഈ അഭിപ്രായം വന്നതോടെ വിജയുടെ ആരാധകര്‍ അത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി പങ്കുവെച്ചു. എന്നാൽ തല അജിത്തിന്റെയും ദളപതി വിജയുടെയും ആരാധകര്‍ തമ്മില്‍ അത്ര സ്‌നേഹപൂര്‍വ്വമായ അന്തരീക്ഷം നിലനിൽക്കാത്ത ഈ സാഹചര്യത്തിൽ ഇതു വലിയ വാക്ക്പോരിലേക്കാണ് നയിച്ചത്. എന്തായാലും വിശാലിന്റെ വാക്കുകള്‍ വിജയ്അജിത് ആരാധകര്‍ തമ്മിലുള്ള യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.