ഉത്തരേന്ത്യയിൽ വീശിയടിച്ച പൊടിക്കാറ്റിലും കനത്ത മഴയിലും മരണപ്പെട്ടവരുടെ എണ്ണം 120 കവിഞ്ഞു, ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഉത്തരേന്ത്യയിൽ വീശിയടിച്ച പൊടിക്കാറ്റിലും കനത്ത മഴയിലും മരണപ്പെട്ടവരുടെ എണ്ണം 120 കവിഞ്ഞു. 250ലേറെ പേര്‍ക്ക് പരിക്കേറ്റു. പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം, നല്‍കി. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്.

ഉത്തര്‍പ്രദേശ‌്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ‌്, ഹിമാചല്‍പ്രദേശ്‌, പഞ്ചാബ‌് എന്നിവിടങ്ങളിലാണ‌് പൊടിക്കാറ്റ‌് മരണവും ദുരിതവും വിതച്ചത‌്. കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകിയുമാണ് കൂടുതല്‍ പേരും മരിച്ചത്. ഇടിമിന്നല്‍ പലയിടത്തും ജീവനപഹരിച്ചു.

ബുധനാഴ്ച വൈകിട്ട് തുടങ്ങിയ അതിശക്തമായ കാറ്റ് മണിക്കൂറുകള്‍ സംഹാരതാണ്ഡവമാടി. ഗ്രാമീണമേഖലകളിലാണ‌് കൂടുതല്‍ ദുരിതമുണ്ടായത‌്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.ഉത്തര്‍പ്രദേശില്‍ അഞ്ചു ജില്ലയിലായി 64 പേര്‍ മരിച്ചു. ആഗ്രയിലാണ് ഏറ്റവും കനത്ത നാശം. ഇവിടെ 43 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമങ്ങളില്‍ സുരക്ഷിതമല്ലാത്ത കെട്ടിടഭിത്തികള്‍ ഇടിഞ്ഞുവീണാണ് ഏറെപ്പേരും മരിച്ചത്. ബിജ്നോറിലും കാണ്‍പുരിലും മൂന്നുപേര്‍ വീതവും സഹാറന്‍പുരില്‍ രണ്ടുപേരും ബറേലിയില്‍ ഒരാളും മരിച്ചു.

പിലിബിത്ത്, ചിത്രകൂട്, ഫിറോസാബാദ്, മുസഫര്‍നഗര്‍ എന്നീ ജില്ലകളിലും പ്രകൃതിക്ഷോഭം നാശം വിതച്ചു. രാജസ്ഥാനില്‍ 35 പേര്‍ മരിച്ചു. 200ല്‍പരം പേര്‍ക്ക് പരിക്കേറ്റു. ഭരത്പുര്‍ ജില്ലയില്‍ മാത്രം 17 പേര്‍ മരിച്ചു.
അല്‍വര്‍, ദോല്‍പുര്‍ എന്നിവിടങ്ങളിലും മരണവും വന്‍തോതില്‍ നാശനഷ്ടവുമുണ്ടായി. നൂറുകണക്കിനു മരങ്ങള്‍ കടപുഴകി. ഉത്തരാഖണ്ഡിലും പഞ്ചാബിലും രണ്ടുപേര്‍ വീതം മരിച്ചു. അര്‍ധരാത്രിയാണ് പലഭാഗങ്ങളിലും കാറ്റ് വീശിയത്. ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത‌്.

ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജനജീവിതം താറുമാറായി. വൈദ്യുതിവിതരണം നിലച്ചു. ഡല്‍ഹിയിലും കാറ്റും മഴയും നാശനഷ്ടങ്ങള്‍ക്ക് കാരണമായി. ശനിയാഴ‌്ച വരെ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡില്‍ മഴയും പ്രളയവും തീര്‍ഥാടകരെ ബാധിച്ചു. ബദരീനാഥ് ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങി. ഡെറാഡൂണില്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. നൈനിറ്റാള്‍, മസൂറി, ഹല്‍ദ്വാനി എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായി. മധ്യപ്രദേശിലെ സത്ന, ഭിന്ദ് ജില്ലകളില്‍ രണ്ടു കുട്ടികള്‍ മരിച്ചു.

ഗ്വാളിയര്‍, മൊറേന, ഡാബ്റ, ഡാട്യ എന്നിവിടങ്ങളിലും നാശമുണ്ടായി. ഡല്‍ഹി രാജ്യാന്തരവിമാനത്താവളത്തില്‍ 15 വിമാനം വഴിതിരിച്ചുവിട്ടു. തലസ്ഥാനത്ത് മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചാബില്‍ മൊഹാലി, ലുധിയാന, സിറക്ക്പുര്‍, മുക്ത്സര്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് ആഞ്ഞുവീശി. പട്യാലയില്‍ രണ്ടുപേര്‍ മരിച്ചു. ഹരിയാനയില്‍ അംബാല, കര്‍ണാല്‍, പഞ്ച്കുള, മഹേന്ദര്‍ഗഡ് എന്നിവിടങ്ങളില്‍ മരങ്ങള്‍ കട പുഴകി.പൊടിക്കാറ്റ‌് സംബന്ധിച്ച‌് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതായി പരാതിയുയര്‍ന്നു.

ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി, പിത്തോരഗഡ് ജില്ലകളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ 30 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.