എല്‍ക്ലാസിക്കോ; ബാഴ്സലോണ റയൽ മത്സരം സമനിലയിൽ

പത്തു പേരുമായി കളിച്ചിട്ടും, അപരാജിത കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. ഇന്ന് ബാഴ്സലോണയുടെ ലാലിഗയിലെ അപരാജിത കുതിപ്പിന് ഏറ്റവും വെല്ലുവിളിയായ എല്‍ക്ലാസിക്കോയില്‍ റയലിനെ നേരിട്ട ബാഴ്സ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു. 45 മിനുട്ടുകളോളം 10 പേരുമായി കളിച്ചിട്ടാണ് ബാഴ്സലോണ കളി 2-2 സമനിലയില്‍ അവസാനിപ്പിച്ചത്.

എല്‍ ക്ലാസികോയുടെ എല്ലാ ആവേശവും കണ്ട മത്സരത്തില്‍ 9ആം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. വലതു വിങ്ങില്‍ നിന്ന് സെര്‍ജി റൊബേര്‍ട്ടോ കൊടുത്ത ക്രോസ് വലയില്‍ എത്തിച്ച്‌ സുവാരസിലൂടെ ബാഴ്സലോണ ആയിരുന്നു കളിയിലെ ആദ്യ ഗോള്‍ നേടിയത്. പക്ഷെ ആ‌ ലീഡ് 4 മിനുട്ടുകള്‍ക്കകം റൊണാള്‍ഡോ ഇല്ലാതെയാക്കി. ക്രൂസും റൊണാള്‍ഡോയും ബെന്‍സീമയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ഒരു ക്ലോസ് ഫിനിഷിലൂടെ റൊണാള്‍ഡോ റയലിനെ ഒപ്പം എത്തിച്ചു.

45ആം മിനുട്ടികായിരുന്നു നിര്‍ണായകമായ ചുവപ്പ് കാര്‍ഡ് കണ്ടത്. മാര്‍സെലോയുടെ മുഖത്ത് ഇടിച്ചതിന് ബാഴ്സയുടെ സെര്‍ജി റൊബേര്‍ട്ടോയ്ക്കാണ് ചുവപ്പ് കിട്ടിയത്. രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിച്ച വീണ്ടും റയലിനെ ഞെട്ടിച്ചു. മെസ്സിയുടെ മികവിലൂടെ 52ആം മിനുട്ടില്‍ വീണ്ടും ബാഴ്സ മുന്നില്‍. ഇത്തവണയും ലീഡ് നീണ്ടുനിന്നില്ല. 72ആം മിനുട്ടില്‍ അസന്‍സിയോയുടെ പാസില്‍ നിന്ന് ഗംഭീര ഫിനിഷോടെ ബെയില്‍ റയലിനെ ഒരിക്കല്‍ കൂടെ ഒപ്പമെത്തിച്ചു.

പിന്നീട് ഒരു പെനാള്‍ട്ടി അപ്പീല്‍ റയല്‍ നടത്തിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ടിവി റീപ്ലേകളില്‍ മാര്‍സെലോയെ ഫൗള്‍ ചെയ്തത് പെനാള്‍ട്ടിയാണെന്ന് വ്യക്തമായിരുന്നു. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ കൂടെ തോല്വി അറിയാതെ ഇരുന്നാല്‍ ബാഴ്സയ്ക്ക് അത് ചരിത്ര നേട്ടവുമാകും. ഇന്നത്തെ മത്സരത്തില്‍ പരിക്കേറ്റ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളത്തില്‍ ഇറങ്ങിയിരിന്നില്ല.