കല്യാണ സദ്യയുടെ കരാറെടുത്തയാൾ സദ്യയൊരുക്കാതെ മുങ്ങി, വിവരമറിഞ്ഞ വധുവിന്റെ മാതാപിതാക്കൾ തല കറങ്ങി വീണു

കല്യാണത്തിന് സദ്യയെത്തിക്കാതെ പാചകക്കാരന്‍ മുങ്ങിയെതോടെ വധുവിന്റെ വീട്ടുകാര്‍ വട്ടിലായി. കൊച്ചി പനങ്ങാടാണ് സംഭവം. പനങ്ങാട് മുണ്ടേമ്പള്ളി സ്വദേശി സൈജു സദ്യ ഒരുക്കാൻ അൻപതിനായിരം രൂപ മുൻകൂറായി വാങ്ങിയിരുന്നു. വധൂ വരന്മാരുടെ ബന്ധുക്കൾ കല്യാണ മണ്ഡപത്തിലെത്തിയെങ്കിലും ഭക്ഷണം എത്തിയില്ല. തുടർന്ന് ഇവർ കാറ്ററിങ് സെന്ററിൽ ചെന്ന് പരിശോധിച്ചുവെങ്കിലും അടഞ്ഞ് കിടക്കുകയായിരുന്നുവത്രെ. വിവരമറിഞ്ഞ വധുവിന്റെ മാതാപിതാക്കൾ ബോധരഹിതരായി.
തുടർന്ന് പനങ്ങാട് റെസിഡൻഷ്യൽ അസോസിയേഷൻ പ്രവർത്തകർ കൊച്ചിയിലെ ഹോട്ടലുകളിൽ ചെന്ന് ഭക്ഷണം ഏർപ്പാടാക്കി. വിശ്വാസ വഞ്ചന കാണിച്ച കരാറുകാരനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതി നൽകി.