വിദ്യാർത്ഥിനിയുടെ ‘ബ്രാ’ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു, പരീക്ഷാ സമയം മുഴുവനും മാറിടത്തിലേക്ക് തുറിച്ചു നോക്കി; പരീക്ഷാ നിരീക്ഷകനെതിരെ നിയമ നടപടി

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയിൽ പരീക്ഷാ നിരീക്ഷകനെതിരെ നിയമ നടപടി സ്വീകരിച്ചു. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം നീക്കാനാവശ്യപ്പെടുകയും പെണ്‍കുട്ടി വസ്ത്രം നീക്കി എന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടാണ് പരീക്ഷാ നിരീക്ഷകന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള മോശം പെരുമാറ്റമുണ്ടായത്. ഇതിനേത്തുടര്‍ന്ന് പരീക്ഷാ പരിശോധകനെതിരെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ദേശീയ മാധ്യമമായ ന്യൂസ് മിനുട്ടാണ് ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

പാലക്കാട് കൊപ്പത്തെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ഷാള്‍ ഊരി മാതാപിതാക്കളെ ഏല്‍പ്പിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥിനി ഹാളിലേക്ക് വന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായിട്ട് ഇവരോട് ‘ബ്രാ’ ഊരിമാറ്റാന്‍ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന പരീക്ഷാ നിരീക്ഷകന്‍ ആവശ്യപ്പെട്ടു. സൗകര്യമോ സ്വകാര്യതയോ ഇല്ലാത്ത ഒരിടത്തുവച്ച്‌ വിദ്യാര്‍ത്ഥിനിക്ക് അടിവസ്ത്രം ഊരിമാറ്റേണ്ടതായിവന്നു. ബ്രായുടെ ലോഹക്കൊളുത്ത് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കാനാകില്ല എന്നതായിരുന്നു അടിവസ്ത്രം ഊരാനാവശ്യപ്പെട്ടതിന്റെ സാങ്കേതിക കാരണം.

പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനി അടിവസ്ത്രം നീക്കിയശേഷം ഹാളിലെത്തുകയും പരീക്ഷ എഴുതുകയും ചെയ്തു. എന്നാല്‍ പരീക്ഷാ സമയം മുഴുവനും ഇവരുടെ മാറിടത്തിലേക്കായിരുന്നു പരീക്ഷാ നിരീക്ഷകന്റെ നോട്ടം. പലപ്പോഴും ചോദ്യക്കടലാസ് ഉപയോഗിച്ച്‌ നോട്ടം തടുക്കേണ്ട ദുരവസ്ഥ ഈ കുട്ടിക്കുണ്ടായി. ഇതേത്തുടര്‍ന്നാണ് പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.സെക്ഷന്‍ 509 ഉപയോഗിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക എന്നത് വിഷയമായ ഈ വകുപ്പിന് പുറമെ സെക്ഷന്‍ 354 ഉള്‍പ്പെടുത്തി ലൈംഗിക പീഡനം കൂടി ഉള്‍പ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഎസ്‌ഇയോട് ബന്ധപ്പെട്ടതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറയുന്നു.