ലോകകപ്പിന് മുമ്പേ മലപ്പുറത്ത് സ്വപ്ന മത്സരം; ”അര്‍ജന്റീനയും-ബ്രസീലും” തമ്മിലുള്ള സ്വപ്ന ഫൈനല്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും

ലോകകപ്പിന് മുമ്പ് തന്നെ ലോകഫുട്ബോളിലെ ബദ്ധവൈരികളായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടും.പക്ഷെ അത് ബ്രസീലിലോ അര്ജന്റീനയിലോ അല്ല കളി എന്നതാണ് കൗതുകം.കേരളത്തിന്റെ സ്വന്തം ഫുട്ബോൾ പറുദീസയായ മലപ്പുറത്ത് വെച്ചാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുക.മെയ് പതിമൂന്നിനാണ് ലോകം കാത്തിരിക്കുന്ന ”സ്വപ്‌നഫൈനൽ”. മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറമാണ് മത്സരം സംഘടിപ്പിക്കുന്നത്.
ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മുംബൈ സിറ്റി എഫ്‌സി താരം എംപി സക്കീര്‍ ബ്രസീല്‍ ടീമിനെ നയിക്കുമ്പോൾ ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ താരോദയം ആഷിഖ് കുരുണിയന്‍ ആണ് അര്‍ജന്റീന ടീമിന്റെ കപ്പിത്താൻ.

കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങളും ഐഎസ്എല്‍ താരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങളും ഇരു ടീമുകള്‍ക്കുമായി അണിനിരന്ന് പരസ്പ്പരം കൊമ്പുകോര്‍ക്കും. 13ന് വൈകുന്നേരം നാലിന് കോട്ടപ്പുറം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.