രാജമൗലിക്ക് മറുപടിയുമായി ദുൽക്കർ

രാജമൗലിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ദുൽക്കർ സൽമാൻ. വിഖ്യാത നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി അശ്വിൻ നാഗ് സംവിധാനം ചെയ്ത ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ ദുല്ഖറിന്റെ പ്രകടനത്തെയാണ് ബാഹുബലി സംവിധായകൻ പ്രശംസിച്ചത്. സിനിമയിൽ സാവിത്രിയുടെ ഭർത്താവും നടനുമായ ജെമിനി ഗണേശനായാണ് ദുൽക്കർ എത്തുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തെലുങ്ക് പ്രേക്ഷരുടെ മനം കവർന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.

സിനിമയുടെ റിലീസിന് ശേഷം അഭിനന്ദന പ്രവാഹമാണ് ദുൽഖറിനെ തേടിയെത്തുന്നത്. ഈയടുത്ത കാലത്തിറങ്ങിയവയിൽ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രവും ‘മഹാനടി’യാണ്. സിനിമയിലെ പാട്ടുകളും ട്രൈലറുകളും നേരത്തെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. സാവിത്രിയായി അഭിനയിച്ച കീർത്തി സുരേഷിഷിൻറെയും ദുൽക്കറിന്റെയും പ്രകടനം അവിസ്മരണീയമായിരുന്നുവെന്നും താനിപ്പോൾ ദുൽഖറിന്റെ ആരാധകനായി മാറിയിരിക്കുകയാണെന്നും എസ് എസ് രാജമൗലി പറഞ്ഞിരുന്നു. നല്ലവാക്കുകൾക് നന്ദിപറഞ്ഞ് സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. അഭിനന്ദനത്തിനു മറുപടിയായി ദുൽക്കർ കുറിച്ചതിങ്ങനെ ”ഞാൻ അക്ഷരാർഥത്തിൽ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ്. അങ്ങയിൽ നിന്നും ലഭിച്ച പ്രശംസ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ് ! അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നു.എന്നെന്നും കൃതജ്ഞതയുണ്ടാകും ”.

സിനിമയുടെ തമിഴ് പതിപ്പായ ‘നടികർ തിലകം’ ഇന്നുമുതൽ പ്രദർശനമാരംഭിക്കും. ചിത്രം കേരളത്തിലും റിലീസ് ചെയ്യുന്നുണ്ട്.