ഭരണത്തുടര്‍ച്ച നൽകാത്ത സംസ്ഥാനം, ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയ ആദ്യ സംസ്ഥാനം; കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും അധികാരം തിരിച്ചു പിടിക്കാനൊരുങ്ങുന്ന ബി.ജെ.പിയും തമ്മിലാണു പ്രധാന മത്സരം. മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡയുടെ ജനതാദളും (എസ്‌.) കിങ്‌മേക്കറുടെ റോളില്‍ രംഗത്തുണ്ട്‌. 1985 മുതല്‍ ഒരു പാര്‍ട്ടിക്കും ഭരണത്തുടര്‍ച്ച അവകാശപ്പെടാനായിട്ടില്ല.
രാമകൃഷ്‌ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാദളാണ്‌ ഇവിടെ അവസാനം അധികാരം നിലനിര്‍ത്തിയത്‌.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയ ആദ്യ സംസ്‌ഥാനമാണ്‌ കര്‍ണാടക. 2008 ലാണ്‌ ഇവിടെ ആദ്യമായി ബി.ജെ.പി. അധികാരത്തിലെത്തിയത്‌. വിവിധ അഴിമതി ആരോപണങ്ങള്‍ മൂലം അവര്‍ക്ക്‌ അധികാരത്തുടര്‍ച്ച നഷ്‌ടപ്പെട്ടു.
അന്നത്തെ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പ അഴിമതി ആരോപണത്തില്‍പ്പെട്ട്‌ ജയിലിലാകുകയും ചെയ്‌തു. അതിജീവനത്തിന്റെ പോരാട്ടമെന്നാണു തെരഞ്ഞെടുപ്പിനെ ജെ.ഡി.എസ്‌. സംസ്‌ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി വിശേഷിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ അധികാരത്തുടര്‍ച്ച നേടുമെന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അവകാശം. എക്‌സിറ്റ്‌ പോളുകളും കോണ്‍ഗ്രസിന്‌ അനുകൂലമായിരുന്നു. സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരിയിലും ബദാമിയിലും മത്സരിക്കുന്നുണ്ട്‌.
എച്ച്‌.ഡി. കുമാരസ്വാമി ചിന്നപട്‌ന, രാമനഗര്‍ എന്നിവിടങ്ങളിലാണു മത്സരിക്കുന്നത്‌. ബി.ജെ.പിയുടെ യെദിയൂരപ്പ ഷിമോഗയിലെ ശികാരിപുരയില്‍നിന്നാണു ജനവിധി തേടുന്നത്‌. 2013 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 122 സീറ്റുകള്‍ നേടിയിരുന്നു. ബി.ജെ.പിയും ജെ.ഡി.എസും 40 സീറ്റുകള്‍ വീതം നേടി.
പ്രദേശിക പാര്‍ട്ടികളായ കര്‍ണാടക ജനപക്ഷ ആറു സീറ്റും ബഡാവര സ്രാമീകര റായ്‌ത്ര നാലു സീറ്റുകളും കര്‍ണാടക മക്കള പക്ഷ, സമാജ്‌വാദി പാര്‍ട്ടി, സര്‍വോദയ കര്‍ണാടക പക്ഷ എന്നിവര്‍ ഒരു സീറ്റ്‌ വീതവും നേടി. ഒന്‍പത്‌ സ്വതന്ത്രന്‍മാരും നിയമസഭയിലേക്കു ജയിച്ചു കയറി. ചൊവ്വാഴ്‌ചയാണു വോട്ടെണ്ണല്‍.