പോലീസ് ഞങ്ങളെ വേട്ടയാടുന്നു , കത്വ കേസിലെ സാക്ഷികളുടെ ഹർജിയിന്മേലുള്ള വാദം സുപ്രീം കോടതി 16 നു കേൾക്കും

കത്വ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് തങ്ങളെ വേട്ടയാടുന്നുവെന്ന മൂന്ന് സാക്ഷികളുടെ ഹർജിയിന്മേലുള്ള വാദം സുപ്രീം കോടതി മെയ് 16 നു കേൾക്കും.

കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ കോളേജ് സുഹൃത്തുക്കളായ സാഹിൽ ശർമ്മയും മറ്റു രണ്ടു പേരും ഉന്നയിച്ച ഹർജിയിലുള്ള വാദം ബുധനാഴ്ച കേൾക്കുന്നതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , ജസ്റ്റിസ് എ എം ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചു.

ഹർജി പ്രകാരം മൂന്ന് സാക്ഷികളും അവരുടെ മൊഴികൾ നേരത്തെ തന്നെ പോലീസിനും മജിസ്‌ട്രേറ്റിനും മുൻപിൽ രേഖപ്പെടുത്തിയിരുന്നു.

പോലീസ് ബലം പ്രയോഗിച്ചാണ് തങ്ങളെ കൊണ്ട് മൊഴി രേഖപ്പെടുത്തിയതെന്ന് മജിസ്‌ട്രേറ്റിനു മുൻപിൽ നൽകിയ ഹർജിയിൽ മൂന്നു സാക്ഷികളും പ്രസ്താവിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് തങ്ങളോട് വീണ്ടും ഹാജരാകാനും വീണ്ടും മൊഴി നൽകുവാനും ആവശ്യപ്പെടുന്നുവെന്നും അതിനായി കുടുംബത്തിൻറെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇന്ന് നൽകിയ ഹർജിയിൽ ആരോപിക്കുന്നു.

കത്വയിൽ എട്ട് വയസ്സുകാരിയെ കൂട്ടബലാൽസംഘം ചെയ്തു കൊലപെടുത്തിയ സുപ്രധാന കേസിൻറെ പരിശോധന സുപ്രീം കോടതി മെയ് 7 ന് ജമ്മു-കശ്മീരിൽ നിന്നും പഞ്ചാബിലെ പാഥൻകോട്ടിലേക്ക് മാറ്റിയിരുന്നു. പക്ഷെ, കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനാൽ കേസ് സിബിഐക്ക് കൈമാറണം എന്ന ആവശ്യത്തെ തള്ളിയിരുന്നു .

ന്യൂനപക്ഷ നാടോടിവിഭാഗത്തിലുൾപ്പെട്ട പെൺകുട്ടിയെ കത്വ ജില്ലയിലെ രസന ഗ്രാമത്തിലെ വീടിനടുത്ത് നിന്നും കാണാതാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സമീപപ്രദേശത്തുനിന്നും മൃതദേഹം കണ്ടെടുക്കുകയുണ്ടായി.

സംസ്ഥാന പോലീസ് കത്വയിലെ ജില്ലാകോടതിയിൽ കേസിലെ ഏഴു പ്രതികൾക്കുമെതിരെ മുഖ്യ കുറ്റപത്രവും പ്രായപൂർത്തിയാവാത്ത പ്രതിക്കെതിരെ പ്രത്യേക കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.