മലയാളി യുവാവിന് ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം

ദുബായ് : ദുബൈ എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളിയ്ക്ക് ലഭിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുൽ ഗഫൂർ മണമ്മലിനാണ് 2017-18 വർഷത്തെ മികച്ച ജീവനക്കാരനുള്ള വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ദുബായ് ഗ്രാൻഡ് ഹായത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അബ്ദുൽ ഗഫൂറിന് വകുപ്പിന്റെ അംഗീകാര- സർട്ടിഫിക്കറ്റ് കൈമാറി. എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറിന്റെ സാന്നിദ്ധ്യത്തിലാണ് ഗഫൂർ അംഗീകാരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ പത്ത് വർഷമായി ദുബൈ എമിഗ്രേഷനിലെ മെയിന്റനൻസ് ആൻഡ് പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലാണ് ഗഫൂർ ജോലി ചെയ്യുന്നത്. മാപ്പിളകലാരൂപങ്ങളായ കോൽക്കളി, വട്ടപ്പാട്ട്, തുടങ്ങി തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച ഗഫൂർ സംസ്‌ഥാന സ്‌കൂൾ യുവജനോത്സവ വിജയികൂടിയാണ്. പരേതനായ മണമ്മൽ ഹസൻ -ആയിശ ദമ്പതികളുടെ മകനാണ്. നസീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഇതിന് മുമ്പും മലയാളികൾക്ക് വകുപ്പിന്റെ മികച്ച ജീവനകാർക്കുള്ള അംഗീകാരം ലഭിച്ചിരുന്നു