യെദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നല്‍കി

കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചു. സഭയില്‍ ഭൂരിപക്ഷം  തെളിയിക്കാൻ 15 ദിവസവും ബിജെപിക്ക് ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. നേരത്തെ യെദിയൂരപ്പയും ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യ നേതാക്കളും ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത്.

നാളെ രാവിലെ ഒന്‍പതരയോടെ യെദിയൂരപ്പയുടെ നേതൃത്വത്തിില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം ലഭിച്ചത് യെദിയൂരപ്പക്കും ബിജെപിക്കും ഏറെ സഹായകരമാണ്. ഇത്രദിവസവും തങ്ങളുടെ എംഎല്‍എമാരെ ബിജെപി പ്രലോഭനത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായി കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവരും. ഇരുപാര്‍ട്ടികളും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ബാംഗളുരു നഗരത്തിന് പുറത്തെ രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമായിരിക്കും എടുക്കുകയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.