വിട്ടുകൊടുക്കാതെ കോൺഗ്രസും ജെഡിഎസും; നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധം ആരംഭിക്കും, റിസോർട്ടിലായിരുന്ന എംഎൽഎമാർ ബംഗളൂരുവിലേക്ക് പുറപ്പെട്ടു

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോൺഗ്രസും ജെഡിഎസും നിയമസഭാ മന്ദിരമായ വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. രാമനഗരയിലെ റിസോർട്ടിലായിരുന്ന കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച ഗവർണറുടെ നടപടി വൻ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരുന്നു. വിഷയത്തിൽ ഗവർണർ ഭരണഘടന മറികടക്കുന്നു എന്ന് കാണിച്ച് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ ഇന്ന് പുലർച്ചെ വാദം കേട്ട സുപ്രീംകോടതി പക്ഷെ, സത്യപ്രതിജ്ഞ തടഞ്ഞ് വെച്ചില്ല. ഇന്ന് രാവിലെ ഒൻപതിന് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി കോൺഗ്രസും ജെഡിഎസും രംഗത്ത് വന്നത്.