കർണാടകയിൽ ജനാധിപത്യം വിജയിച്ചുവെന്ന് രജനികാന്ത്; ഗവർണർ ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന് വിമർശനം

 

കർണാടകയിൽ ജനാധിപത്യം വിജയിച്ചുവെന്ന് സൂപ്പർ താരം രജനികാന്ത്. കേവല ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസം അനുവദിക്കുക വഴി ഗവർണർ ബിജെപിക്കൊപ്പം ചേർന്ന് ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന് രജനികാന്ത് കുറ്റപ്പെടുത്തി. കാര്യങ്ങൾ സുതാര്യമാക്കൻ വേണ്ട നടപടികൾ കൈകൊണ്ട സുപ്രീംകോടതിക്ക് നന്ദി അർപ്പിക്കുന്നതായും രജനീകാന്ത് വിശദമാക്കി. സുപ്രീംകോടതിയുടെ നടപടി ജനാധിപത്യത്തിന്റെ അന്തസുയർത്തിയെന്നും രജനീകാന്ത് വിശദമാക്കി.

ബിജെപിക്ക് കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗ ബലം ഇല്ലാഞ്ഞിട്ടും ഗവർണർ സർക്കാർ രൂപീകരിക്കാനുള്ള അനുമതി നൽകിയിരുന്നു. ഇതോടെ ബിജെപി കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് കോടതിയെ സമീപിച്ചതോടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കി. സഭയിൽ വിശ്വാസ വോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെ യെദിയൂരപ്പ ഇന്നലെ വൈകുന്നേരം രാജി വെച്ച് ഒഴിയുകയായിരുന്നു.