മരണം മുന്നിലുണ്ടെന്ന് ഉറപ്പായിട്ടും ലിനി പിൻവാങ്ങിയില്ല;ആത്മത്യാഗം ചെയ്ത മാലാഖയായി പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ്‌ ലിനി

മരണം മുന്നിലുണ്ടെന്ന് ഉറപ്പായിരുന്നു.പിടിപെട്ടാൽ മരുന്നില്ലെന്നും അറിയാമായിരുന്നു.പക്ഷെ താൻ അണിഞ്ഞിരുന്ന യൂണിഫോം അത് ഒരുപാട് പേരുടെ കൈത്താങ്ങാണെന്ന് ആ മാലാഖയ്ക്ക് അറിയാമായിരുന്നു.അങ്ങനെ രണ്ടും കൽപ്പിച്ച് ധീരതയോടെ നിപ്പാ വൈറസ് ബാധിതരുടെ പരിപാലനത്തിനായി ഇറങ്ങിത്തരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ്‌ ലിനിയുടെ വേർപാട് എല്ലാവരിലും നൊമ്പരമുളവാക്കുന്നു. തന്റെ ജീവനു പോലും വില കല്‍പിക്കാതെ പനിപിടിച്ചു മരിക്കുന്നവരെ മാലാഖയെ പോലെ പരിപാലിച്ച ലിനിയുടെ മരണവും നിപ്പാ വൈറസ് മൂലമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ പനി ബാധിക്കപെട്ട ലിനിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിക്കുകയും രാവിലെ മരണം സംഭവിക്കുയായിരുന്നു.
മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചാല്‍ വൈറസ് പകരാന്‍ കാരണമാവുമെന്ന നിഗമനത്തില്‍ ബന്ധുക്കളുടെ അനുമതിയോടെ തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.അങ്ങനെ രോഗബാധിതർക്ക് വേണ്ടി ജീവൻ ചിലവഴിച്ച് മരണത്തെ ധീരമായി വരിച്ച ലിനി മാനവികതയുടെ അടയാളമായി മാറുകയാണ്.വളരെ അടുത്ത ബന്ധുക്കളാണ് ലിനിയുടെ സംസ്കാരത്തിൽ പങ്കെടുത്തത്.
രണ്ടു മക്കളുള്ള ലിനിയുടെ ഭര്‍ത്താവ് വിദേശത്താണ്.