മാണിക്യനും കാർത്തുമ്പിയും വീണ്ടും..തേന്മാവിൻ കൊമ്പത്ത് പിന്നെയും വെള്ളിത്തിരയിലേക്ക്

ഹൃദയം തൊടുന്ന പാട്ടുകളും പശ്ചാത്തലവുമായി മലയാളികളെ വിസ്മയിപ്പിച്ച തേന്മാവിൻ കൊമ്പത്ത് വീണ്ടുമെത്തുന്നു. 1994 ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകഥകളിലൊന്നാണ് തെന്മാവിൻ കൊമ്പത്ത്. മാണിക്യനും കാർത്തുമ്പിയും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ പിറന്ന ഈ സിനിമ ടെലിവിഷനിൽ വന്നാൽ ഇപ്പോഴും കാണാനിരിക്കുന്നവരാണ് മലയാളികളിലധികവും.

മലയാളികളെ പിന്നെയും പ്രണയിക്കാൻ ഓർമ്മപ്പെടുത്തുന്ന തേന്മാവിൻ കൊമ്പത്ത് റീ-റിലീസിന് ഒരുങ്ങുകയാണ്. 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. മോഹന്‍ലാലിൻറെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. കലാമൂല്യവും വ്യാവസായിക വിജയവും ജനപ്രീതിയും ഒത്തിണങ്ങിയ ഈ സിനിമ ഇവിടെയും ചരിത്രമാവർത്തിക്കുമെന്നുറപ്പാണ്.

കേരളത്തിൽ മാസങ്ങളോളം നിറഞ്ഞോടിയ തേന്മാവിൻ കൊമ്പത്ത് തമിഴിലും കന്നടയിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. ബേണി-ഇഗ്നേഷ്യസിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ചിത്രത്തിൻറെ റിലീസിന് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മെയ് 12നാവും ചിത്രത്തിന്റെ 4കെ പതിപ്പ് തീയേറ്ററുകളിലെത്തുക.

ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇ 4 എന്റര്‍ടെയ്ന്റ്‌മെന്റ് ഉടമയുമായ മുകേഷ് ആര്‍.മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്.